Sorry, you need to enable JavaScript to visit this website.

മൂന്നാം വയസ്സിലെ വിവാഹ വാഗ്ദാനം പാലിക്കാന്‍ യുവാവിന്റെ സമ്മര്‍ദ്ദം; യുവതി പോലീസ് സ്റ്റേഷനില്‍ വിഷം കഴിച്ചു

ജോധ്പൂര്‍- മുന്നാം വയസ്സില്‍ മാതാപിതാക്കള്‍ പറഞ്ഞുറപ്പിച്ച വിവാഹത്തിന് തയാറാകാത്ത യുവതി നാട്ടുകോടതിയുടെ നടപടിയിലും സമ്മര്‍ദ്ദത്തിലും പൊറുതിമുട്ടി ഒടുവില്‍ പോലീസ് സ്റ്റേഷനിലെത്തി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. മൂന്നാം വയസ്സിലാണ് രാജസ്ഥാനിലെ ജോധ്്പൂര്‍ സ്വദേശിയായ ദിവ്യ ചൗധരി എന്ന 22കാരിയെ മാതാപിതാക്കള്‍ ജിവരാജ് എന്ന യുവാവിന് വിവാഹം ചെയ്തു നല്‍കാമെന്ന് നിശ്ചയിച്ചുറപ്പിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജീവരാജും ബന്ധുക്കളും വിവാഹ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിവരികയാണെന്ന് യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കുറച്ചു കാലത്തേക്കു കൂടി സമയം നീട്ടി ചോദിച്ച ദിവ്യ ഒടുവില്‍ ജീവരാജിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് തീര്‍ത്തു പറയുകയായിരുന്നു. ഇതോടെ നാട്ടുപ്രമാണിമാര്‍ നാട്ടുകോടതി ചേര്‍ന്ന് ദിവ്യയുടെ കുടുംബത്തിന് 16 ലക്ഷം രൂപ പിഴ വിധിച്ചു. ഈ പ്രതിസന്ധികള്‍ക്കിടയിലും പഠനം തുടര്‍ന്ന ദിവ്യ ഈയിടെ  ചാര്‍്‌ട്ടേഡ് അക്കൗണ്ടന്റ്  പരീക്ഷയില്‍ ഉന്നത വിജയം നേടിയിരുന്നു. 

ഈ തുക നാട്ടുപ്രമാണിമാര്‍ക്കു നല്‍കിയിട്ടും ജീവരാജിന്റെ കുടുംബം വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തല്‍ തുടര്‍ന്നു. ശല്യമായി തീര്‍ന്നപ്പോള്‍ നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഒടുവില്‍ ഒരാഴ്ച മുമ്പാണ് ജീവരാജിനു കുടുംബത്തിനുമെതിരായ പരാതി പോലീസ് സ്വീകരിച്ചത്. പരാതി നല്‍കിയതറിഞ്ഞ നാട്ടു പ്രമാണിമാര്‍ ദിവ്യയുടെ കുടുംബത്തില്‍ നിന്ന് വീണ്ടും 20 ലക്ഷം രൂപ പിഴ ആവശ്യപ്പെടുകയും പരസ്യമായി മാപ്പു പറയുകയും വേണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഊരുവിലക്കുമെന്ന മുന്നറിയിപ്പും നല്‍കി. പ്രമാണിമാരുടെ നാട്ടു പഞ്ചായത്ത് ഞായറാഴ്ച വീണ്ടും ചേരാനിരിക്കെയാണ് ദിവ്യ സ്റ്റേഷനിലെത്തി പോലീസും ബന്ധുക്കളും നോക്കി നില്‍ക്കെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സംഭവത്തോടെ കേസ് അന്വേഷണം ഡി.എസ്.പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനു കൈമാറി. അന്വേഷണം പുരോഗമിക്കുകയാണ്.

ഗ്രാമ മുഖ്യനും ജോധ്പൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷന്റെ പിതാവും അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. 

ഇവരുടെ ശല്യം കാരണം വീടിനു പുറത്തിറങ്ങാനോ ജോലി ചെയ്തു ജീവിക്കാനോ കഴിയാത്ത അവസ്ഥയിലായതാണ് തന്നെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ദിവ്യ പറഞ്ഞു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു താനെന്നും ദിവ്യ പറയുന്നു. 

Latest News