സൂറിക് - ലോകകപ്പ് യോഗ്യത റൗണ്ടിനിടെ റഫറിയെ അസഭ്യം പറഞ്ഞതിന് ലാറ്റിനമേരിക്കൻ ഫുട്‌ബോൾ അസോസിയേഷൻ ലിയണൽ മെസ്സിക്ക് നൽകിയ നാലു മത്സരങ്ങളിലെ വിലക്ക് ഫിഫ റദ്ദാക്കി. ഒരു മത്സരത്തിൽ ഇതിനകം മെസ്സി വിട്ടുനിന്നു. ലോകകപ്പ് ഫൈനൽ റൗണ്ടിലെ സ്ഥാനം സംബന്ധിച്ച് ആശങ്കയുള്ള അർജന്റീനക്ക് മെസിയുടെ മടങ്ങിവരവ് ഏറെ ആശ്വാസം പകരും.
ഇത്ര കഠിനമായ ശിക്ഷ നൽകാൻ മാത്രം തെളിവ് ഇല്ലെന്ന് മെസ്സിക്കു വേണ്ടി അർജന്റീന എഫ്.എ നൽകിയ അപ്പീലിൽ ഫിഫ വിധിച്ചു. മെസ്സിയുടെ പ്രതികരണം ന്യായീകരിക്കാനാവാത്തതാണെങ്കിലും ഇത്ര കടുത്ത വിലക്ക് നൽകാൻ മാത്രമുള്ളതല്ല കുറ്റമെന്ന് അപ്പീൽ കമ്മിറ്റി വിശദീകരിച്ചു. 10,000 സ്വിസ് ഫ്രാങ്ക് (ആറര ലക്ഷം രൂപ) പിഴയടക്കണമെന്ന നിബന്ധനയും നീക്കി.
ഇക്കഴിഞ്ഞ മാർച്ചിൽ ചിലിക്കെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അസിസ്റ്റന്റ് റഫറിയെ മെസ്സി അസഭ്യം പറഞ്ഞുവെന്നായിരുന്നു ആരോപണം. മത്സരത്തിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ അർജന്റീന ജയിച്ചിരുന്നു. മെസ്സി ചെയ്തത് തെറ്റായെങ്കിലും ലാറ്റിനമേരിക്കൻ ഫെഡറേഷന്റെ നടപടി ക്രമാതീതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് അർജന്റീന എഫ്.എ അന്നു തന്നെ ആരോപിച്ചിരുന്നു.
1970 നു ശേഷം ആദ്യമായി അർജന്റീനക്ക് ലോകകപ്പിന് യോഗ്യത നേടാൻ കഴിയില്ലെന്ന് ആശങ്കയുയർന്ന സാഹചര്യത്തിൽ അവശേഷിച്ച കളികളിൽ മെസ്സിയുടെ സാന്നിധ്യം അവർക്ക് അത്യന്താപേക്ഷിതമാണ്. ഈ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ മെസ്സി ഇല്ലാതെ കളിച്ച എട്ട് മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് അർജന്റീന ജയിച്ചത്. മെസ്സി കളിച്ച ആറിൽ അഞ്ചും അവർ ജയിച്ചു. പോയന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാർ മാത്രമേ ലാറ്റിനമേരിക്കയിൽനിന്ന് നേരിട്ട് യോഗ്യത നേടൂ എന്നിരിക്കെ അഞ്ചാം സ്ഥാനത്താണ് അർജന്റീന.






