Sorry, you need to enable JavaScript to visit this website.

പിതാവിനെ കൊലപ്പെടുത്തിയ മകൻ  കുറ്റക്കാരൻ; ശിക്ഷ ചൊവ്വാഴ്ച്ച

മഞ്ചേരി- പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മകൻ കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) കണ്ടെത്തി. പരപ്പനങ്ങാടി പുത്തരിക്കൽ പൂമഠത്തിൽ മുഹമ്മദിന്റെ മകൻ അഷ്‌റഫ് (36) ആണ് പ്രതി.  ഇയാൾക്കുള്ള ശിക്ഷ ജില്ലാ ജഡ്ജി എ.വി.നാരായണൻ ചൊവ്വാഴ്ച്ച വിധിക്കും. പരപ്പനങ്ങാടി പുത്തരിക്കൽ പൂമഠത്തിൽ മുഹമ്മദ് (55) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദിന്റെ മൂത്ത മകനാണ് അഷ്‌റഫ്. 2014 സെപ്റ്റംബർ നാലിനു വൈകുന്നേരം അഞ്ചര മണിയോടെ പരപ്പനങ്ങാടിയിലെ വീട്ടിലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. 15 വർഷമായി ഗൾഫിലായിരുന്ന മുഹമ്മദ് സംഭവ ദിവസത്തിനു തലേന്നാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്.  മറ്റൊരു വിവാഹം കൂടി കഴിക്കാനുള്ള മുഹമ്മദിന്റെ തീരുമാനമാണ് പ്രതിയെ കടുംകൈക്ക് പ്രേരിപ്പിച്ചത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയം കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്ന മുഹമ്മദിനെ പ്രതി വെട്ടുകത്തി കൊണ്ട് കഴുത്തിനു വെട്ടുകയായിരുന്നു. അയൽവാസിയായ പുത്തരിക്കൽ പുതിയ ഒറ്റയിൽ ആഷിഖ് (46) ആണ് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയത്. കേസിൽ ദൃക്‌സാക്ഷികളില്ല. പ്രതിയുടെ സഹോദരൻ അബ്ദുല്ലയുടെ ഭാര്യ ഫൗസിയ (21), പ്രതിയുടെ മാതാവ് ഖദീജ (54) എന്നിവരാണ് മുഖ്യ സാക്ഷികൾ. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.പി ബാലകൃഷ്ണൻ ഹാജരായി. താനൂർ സി.ഐമാരായിരുന്ന കെ.സി.ബാബു, ആർ.റാഫി എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Latest News