റിയാദ്- റെഡിമെയ്‌സ് ഷോപ്പുകളിലും കുട്ടികൾക്കുള്ള വസ്ത്രങ്ങളും പുരുഷ ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിലും ഒന്നര മാസത്തിനിടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് നടത്തിയ പരിശോധനകളിൽ 1356 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 1016 എണ്ണം സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും അവശേഷിക്കുന്നവ മറ്റു നിയമ ലംഘനങ്ങളുമാണ്. സെപ്റ്റംബർ പതിനൊന്നിനാണ് ഈ വിഭാഗം സ്ഥാപനങ്ങളിൽ സൗദിവൽക്കരണം നിർബന്ധമാക്കിയത്. സെപ്റ്റംബർ പതിനൊന്നു മുതൽ കഴിഞ്ഞ ദിവസം വരെ റെഡിമെയ്‌സ് ഷോപ്പുകളിലും കുട്ടികൾക്കുള്ള വസ്ത്രങ്ങളും പുരുഷ ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിലും 16,273 ഫീൽഡ് പരിശോധനകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തി. സൗദിവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങളെ കുറിച്ചും മറ്റു തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ചും 19911 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ ആവശ്യപ്പെട്ടു.
കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞ മാസം പതിനൊന്നു മുതൽ സൗദിവൽക്കരണം നിർബന്ധമാക്കിയത്. ഘട്ടംഘട്ടമായി പുതുതായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിൽ വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ അടുത്ത മാസം ഒമ്പതു മുതലും മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്ലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും സൗദിവൽക്കരണം നിർബന്ധമാക്കും.