Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കള്ളം പറഞ്ഞാല്‍ യുസഫലിക്ക് യു.എ.ഇയില്‍ കഴിയാനാകുമോ-പിണറായി

കൊച്ചി- കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിന് യു.എ.ഇ 700 കോടി രൂപ  വാഗ്ദാനം ചെയ്തിട്ടില്ലെന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവര്‍ പറയുന്നതു തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബി ശക്തി സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് യു.എ.ഇ ഭരണാധികാരി ഇക്കാര്യം ആദ്യം അറിയിച്ചത്. ഇതിനു നന്ദി പറഞ്ഞു കൊണ്ടു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
യു.എ.ഇ ഭരണാധികാരിയില്‍നിന്ന് അനുമതി വാങ്ങിയാണ് എം.എ.യൂസഫലി ഇക്കാര്യം തന്നോടു പറഞ്ഞതും താന്‍ പുറത്തു പറഞ്ഞതും. യു.എ.ഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ് യൂസഫലിക്ക് അവിടെ ജീവിക്കാന്‍ കഴിയുമോ? -പിണറായി ചോദിച്ചു.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രത്യേക പാക്കേജ് അനുവദിക്കാനും വായ്പാപരിധി വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും വലിയ പ്രതീക്ഷയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തു പോകാന്‍ മന്ത്രിമാര്‍ക്ക് അനുമതി ലഭിക്കാത്തതു പുനര്‍നിര്‍മാണ ധനസമാഹരണത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്- അദ്ദേഹം പറഞ്ഞു.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്‍ ഏറ്റുവാങ്ങി. പ്രബുദ്ധരായ മലയാളികളുള്ളിടത്തോളം കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ ആര്‍ക്കും കഴിയില്ലെന്ന് എം.മുകുന്ദന്‍ പറഞ്ഞു.  കേരളത്തിന്റെ ഇടവഴികളിലെ വെളിച്ചം വൈദ്യുതി വിളക്കുകളുടേതല്ല, നവോത്ഥാന നായകരുടേതാണ്. ആ വെളിച്ചം കെടുത്തി, വീണ്ടും ഇരുട്ടാക്കാനാണു ചിലരുടെ ശ്രമം. ആപത്കരമായ സ്ഥിതിവിശേഷമാണിത്. അന്ധവിശ്വാസങ്ങളുടെ ലോകത്തേക്കു തിരിച്ചുപോകേണ്ടി വരുമോയെന്നു ഭയക്കുന്നു. പണ്ട്, സവര്‍ണരാണ് അവര്‍ണര്‍ക്കു വേണ്ടി സംസാരിച്ചതും സമരം ചെയ്തതും. ഇന്നതില്ല. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സവര്‍ണരാണു മുന്നില്‍ നില്‍ക്കേണ്ടിയിരുന്നത്- മുകുന്ദന്‍ പറഞ്ഞു.
കവി പ്രഭാവര്‍മ അധ്യക്ഷത വഹിച്ചു. ജി.ആര്‍.ഇന്ദുഗോപന്‍, പി.കൃഷ്ണനുണ്ണി, ഡോ. കെ.എന്‍.ഗണേഷ്, വിനോദ് വൈശാഖി, അഹമ്മദ് ഖാന്‍, സുഭാഷ് ചന്ദ്രന്‍, ഡോ. വി.പി.പി.മുസ്തഫ, ഡോ. പി.സോമന്‍, കെ.രാജേന്ദ്രന്‍ , ഡോ. ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പുരസ്‌കാരം സ്വീകരിച്ചു. പ്രൊഫ. എം.കെ.സാനു, അബുദാബി ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് വി.പി.കൃഷ്ണകുമാര്‍, കെ.രവിക്കുട്ടന്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ എ.കെ.മൂസ എന്നിവര്‍ പ്രസംഗിച്ചു.
വിനോദ് വൈശാഖി, പി.സോമന്‍, കെ.രാജേന്ദ്രന്‍ എന്നിവര്‍ സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.

 

Latest News