Sorry, you need to enable JavaScript to visit this website.

കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിലെ 189 പേരും മരിച്ചതായി സൂചന

ജക്കാര്‍ത്ത- തിങ്കളാഴ്ച രാവിലെ ഇന്തൊനേഷ്യന്‍ തീരത്ത് കടലിലേക്കു വീണു മുങ്ങിയ ലയണ്‍ എയര്‍ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരുമടക്കം 189 പേരും മരിച്ചതായി സംശയിക്കുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ദുരന്ത നിവാരണ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നും യാത്രക്കാരില്‍ ആരെങ്കിലും അപകടം അതിജീവിച്ചതായി സൂചനകളൊന്നുമില്ലെന്നും അവര്‍ അറിയിച്ചു. ജക്കാര്‍ത്ത തീരത്തു നിന്ന് 15 കിലോമീറ്റര്‍ അകലെ വിമാനം വെള്ളത്തിലേക്കു കൂപ്പുകുത്തിയ സ്ഥലത്തു നിന്ന് മനുഷ്യശരീര ഭാഗങ്ങള്‍ ലഭിച്ചതായും രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് എട്ട് ഗണത്തില്‍പ്പെട്ട പുതിയ വിമാനങ്ങളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് 13 മിനിറ്റ് പിട്ടപ്പോഴാണ് ദുരന്തം. ഈ അപകടത്തില്‍ എല്ലാവരും മരിച്ചതായി സ്ഥരീകരിച്ചാല്‍ ഇന്തൊനേഷ്യയില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമായിരിക്കും ഇത്. 

ലയണ്‍ എയര്‍ ജെ.ടി610 വിമാനം പറത്തിയിരുന്നത് ഇന്ത്യക്കാരാനായ പൈലറ്റായിരുന്നു. 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ടിന്‍ ഖനന കമ്പനിയായ പി.ടി ടിമയുടെ നാലു ജീവനക്കാരും ഉപകമ്പനിയുടെ മൂന്ന് ജീവനക്കാരനും ഒരു ഇറ്റാലിയന്‍ പൗരനും യാത്രക്കാരില്‍ ഉള്‍പ്പെടുമെന്ന് ലയണ്‍ എയര്‍ അറിയിച്ചു. കടലില്‍ പതിച്ച വിമാനം 35 മീറ്റര്‍ വരെ ആഴത്തിലേക്കു താഴന്നു പോയെന്നാണ് കരുതപ്പെടുന്നത്. വിമാനത്തിലുണ്ടായിരുന്നവരുടെ ശരീര ഭാഗങ്ങള്‍ക്കൊപ്പം പല ഉപകരണങ്ങളും രക്ഷാ പ്രവര്‍ത്തകര്‍ക്ക് മേഖലയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തിയാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാനായി കിഴക്കന്‍ ജക്കാര്‍ത്ത തീരത്തെ കരവാങില്‍ ആംബുലന്‍സുകള്‍ നിരനിരയായി നിലയുറപ്പിച്ചിരിക്കുകയാണ്. രക്ഷാ ബോട്ടുകളും മത്സ്യ തൊഴിലാളികളും സജീവമായി രക്ഷാ പ്രവര്‍ത്തന രംഗത്തുണ്ട്.
 

Latest News