രാകേഷ് അസ്താന കോഴ വാങ്ങിയെന്നാരോപിച്ച വ്യവസായി സംരക്ഷണം തേടി സുപ്രീം കോടതിയില്‍

ന്യുദല്‍ഹി- സി.ബി.ഐ തലപ്പത്തെ ചേരിപ്പോരില്‍ പ്രതിക്കൂട്ടിലായ ഉപമേധാവി രാകേഷ് അസ്താന രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച ഹൈദരാബാദിലെ വ്യവസായി സതീഷ് സന സംരക്ഷണം തേടി സുപ്രീം കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യാനായി സി.ബി.ഐ സമന്‍സ് അയച്ചതിനു പിന്നാലെയാണ് തനിക്ക് ഇടക്കാല സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സതീഷ് കോടതിയെ സമീപിച്ചിരിക്കുന്നത്. മാംസ കയറ്റുമതി വ്യവസായി മൊയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണ കേസില്‍ സനക്കെത്തിരെ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സി.ബി.ഐ സ്‌പെഷ്യന്‍ ഡയറക്ടറായ അസ്താന തന്നില്‍ നിന്ന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സന മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ അസ്താനയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് സി.ബി.ഐക്കുള്ളിലെ പോര് രൂക്ഷമായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരമേറ്റതിനു പിന്നാലെ സി.ബി.ഐ ഉപമേധാവിയായി സംശയകരമായ സാഹചര്യത്തില്‍ നിയമിതനായ ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസറായ അസ്താന മോഡിയുടെ കണ്ണിലുണ്ണിയായും വിശേഷിപ്പിക്കപ്പെടുന്നയാളാണ്.
 

Latest News