ന്യൂദല്‍ഹി- ഭരണഘടനയേയും സുപ്രീം കോടതിയേയും വെല്ലുവിളിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ നടത്തിയ ഭീഷണി സ്വരത്തിലുള്ള പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. കേരളത്തില്‍ ശക്തമായ പ്രതിഷേധവും മറുപടികളും വന്നതിനു പുറമെ ദേശീയ രാഷ്ട്രീയത്തിലെ പ്രതിപക്ഷ നേതാക്കളുടെ പ്രതികരണവും കൂടി വന്നതോടെ ബി.ജെ.പി പ്രതിരോധത്തിലായിരിക്കുകയാണ്. അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ ബി.ജെ.പി ദേശീയ സമിതി അംഗവും എം.പിയുമായ വി. മുരളീധരന്‍ താന്‍ സര്‍ക്കാരിനെ വലിച്ചു താഴെടിയുമെന്ന് പരിഭാഷപ്പെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ സഹിതം ഈ വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. ചാനല്‍ ചര്‍ച്ചയില്‍ പച്ചക്കള്ളം പറഞ്ഞ മുരളീധരനെ ഇതേ ചര്‍ച്ചയില്‍ തന്നെ അവതാരക പൊളിച്ചടുക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയുമെന്നാണ് അമിത് ഷാ ഉദ്ദേശിച്ചതെന്ന് ന്യായീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും രംഗത്തു വന്നിരുന്നു.
ഇതിനു പുറമെയാണ് ദേശീയ രാഷ്ട്രീയത്തിലും അമിത് ഷായുടെ ഭീഷണി ചര്‍ച്ചയായത്. വിവിധ പ്രതിപക്ഷ നേതാക്കള്‍ ഗൗരവ സ്വരത്തിലാണ് പ്രതികരിച്ചത്. ജനാധിപത്യ രീതിയില്‍ അധികാരത്തിലെത്തിയ ഒരു സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന ഷായുടെ ഭീഷണി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസിനു പുറമെ ബി.എസ്.പി നേതാവ് മായാവതി, സി.പി.എം ദേശീയ നേതൃത്വം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരും ഷായ്‌ക്കെതിരെ രംഗത്തെത്തി.
മായാവതി, ബി.എസ്.പി ദേശീയ അധ്യക്ഷ
രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നാണ് അമിത് ഷായുടെ പ്രസംഗം സൂചിപ്പിക്കുന്നത്. ഭരണഘടനാ വിരുദ്ധമാണത്. പ്രകോപനപരവും നിരുത്തരവാദപരവുമായ ഈ പ്രസംഗം കോടതി ശ്രദ്ധിക്കണം. ഇത് അപലപനീയമാണ്. കോടതി വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ ബി.ജെ.പി കോടതിയെ സമീപിക്കട്ടെ. തെരുവില്‍ കോലാഹലമുണ്ടാക്കുകയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്. കാതലായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിത്.
സി.പി.എം പോളിറ്റ് ബ്യൂറോ
ശബരിമല വിഷയത്തിലുള്ള സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുന്നതും വിധി ധിക്കരിക്കാന്‍ പാര്‍ട്ട് അണികളെ പ്രേരിപ്പിക്കുന്നതുമാണ് അമിത് ഷായുടെ പ്രസംഗം. ശബരമലയില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ കരങ്ങള്‍ ആരുടെതാണെന്ന് വെളിപ്പെടുത്തുകയാണ് ഷാ ചെയ്തത്. ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും ഈ രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ തള്ളും.
അഭിഷേക് മനു സിങ്‌വി, കോണ്‍ഗ്ര്‌സ് ദേശീയ വക്താവ്
ഭരണഘടനയെ ദുരുപയോഗം ചെയ്യുമെന്ന മുന്നറിയിപ്പാണിത്. നടപ്പാക്കാന്‍ കഴിയുന്ന വിധികളെ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്നു പറഞ്ഞ അമിത് ഷാ കോടതികളെയാണ് ലക്ഷ്യമിടുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടേയും വോട്ടര്‍മാരുടേയും ശേഷി പരീക്ഷിക്കുകയാണ് അദ്ദേഹം. ഓരോ ഭരണഘടനാ സ്ഥാപനങ്ങളേയും ദുര്‍ബലപ്പെടുത്തുകയും അവയെ തകര്‍ക്കുകയുമാണ് ബി.ജെ.പിയുടെ ലക്ഷ്യം.