പാലക്കാട്-അമിത് ഷായുടെ വാക്ക് കേട്ട് ആരും ശബരിമലയിലേക്ക് കളിക്കാൻ വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ആ കളി മോശം കളിയാകുമെന്ന് വരുന്നവർ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 'സർക്കാരിനെ വലിച്ചിടാൻ അമിത് ഷായ്ക്ക് ഈ തടി പോരാ. അത് ഗുജറാത്തിൽ മതി. ബി.ജെ.പിക്ക് ഈ മണ്ണിൽ ഒരിക്കലും സ്ഥാനമില്ല. ആരെയാണ് ഭയപ്പെടുത്തുന്നത് -മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിലെത്തുമ്പോൾ ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റ് അമിത് ഷാ മതിഭ്രമം ബാധിച്ച പോലെയാണ് പെരുമാറാറുള്ളത്. ആ വാക്കുകൾ കേട്ട് ആരും ശബരിമലയിലേക്ക് കളിക്കാൻ വരേണ്ടതില്ല എന്നാണ് തനിക്ക് പറയാനുള്ളത്. അങ്ങനെ വന്നാൽ ആ കളി മോശം കളിയാകുമെന്നു മാത്രമേ പറയാനുള്ളൂ. കേരള സർക്കാരിനെ വലിച്ചു താഴെയിടുമെന്നാണ് ബി.ജെ.പിയുടെ തലതൊട്ടപ്പന്റെ ഭീഷണി. അതിനുള്ള തടിയൊന്നും അദ്ദേഹത്തിന് ഇല്ല. അതിന് തടി പോരാ. ഈ ഗവൺമെന്റിനെ കേരളത്തിലെ ജനങ്ങൾ എല്ലാവരും ചേർന്ന് എടുത്തുവെച്ചതാണ്. അവരുടെ പിന്തുണയാണ് ശക്തി. പണ്ടത്തെ സ്വപ്നം പേറി നടക്കണ്ട. അത് ദുഃസ്വപ്നമായി നിൽക്കും. നാടിനെ ഭീഷണിപ്പെടുത്താമെന്ന് കരുതരുത്. അത് ചൊൽപടിക്ക് നിൽക്കുന്നവരോട് മതി. കേരളം പിടിച്ചെടുക്കാൻ സംഘ്പരിവാർ നേരത്തേയും പലതും പയറ്റിയതാണല്ലോ. ഒരു ഘട്ടത്തിൽ കേരളം പിടിക്കുമെന്ന് പറഞ്ഞ് ജാഥ നടത്തി. എന്നിട്ടെന്തായി? തിരിച്ചു പോകേണ്ടി വന്നല്ലോ. സാധാരണ നിലക്ക് അൽപന്മാർക്ക് മറുപടി പറയരുതെന്നാണ് പറയാറുള്ളത്. എന്നാൽ ഇതൊക്കെ വലിയ എന്തോ കാര്യമാണെന്ന് കണക്കാക്കി പിന്തുണ നൽകുന്ന ചിലർ മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്രയും പറയുന്നത്.
സി.പി.എം വിശ്വാസികൾക്ക് എതിരല്ല. പോലീസും എതിരല്ല. എന്നാൽ അക്രമം ഉണ്ടാക്കിയവരെ വിശ്വാസികൾ എന്നോ അവിശ്വാസികൾ എന്നോ വേർതിരിച്ചു കാണാനാവില്ല. ശബരിമലയിൽ പ്രശ്‌നമുണ്ടാക്കിയത് ക്രിമിനലുകളാണ്. അക്രമമുണ്ടാക്കുന്നതിനായി പ്രത്യേകം റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് ഇവർ. അവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയിലേക്ക് സ്ത്രീകളെ അയക്കാനുള്ള പദ്ധതിയൊന്നും സർക്കാരിന് ഇല്ല. എന്നാൽ കോടതി വിധി നടപ്പിലാക്കുക തന്നെ ചെയ്യും. യാഥാസ്ഥിതികരുടെ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ല. ശ്രീനാരായണ ഗുരുവിനെപ്പോലെയും അയ്യങ്കാളിയെപ്പോലെയും ഉള്ള സാമൂഹ്യ പരിഷ്‌കർത്താക്കളുടെ നാട്ടിൽ സംഘ്പരിവാറിന് സ്ഥാനമില്ല. സാമൂഹ്യ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും. ബ്രാഹ്മണർക്ക് മാത്രമേ പൂജാരിയാകാവൂ എന്ന കാലം കഴിഞ്ഞു.
സുപ്രീം കോടതിയെ ഭയപ്പെടുത്തി മുന്നോട്ടു പോകാനാണ് സംഘ്പരിവാറിന്റെ ശ്രമം. ഉദ്ദേശ്യം വ്യക്തമാണ്. ബാബ്‌രി മസ്ജിദുമായി ബന്ധപ്പെട്ട കേസ് അടുത്തു തന്നെ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. തങ്ങളാഗ്രഹിക്കുന്ന വിധത്തിലുള്ള കോടതി വിധി വരണമെന്ന് രാജ്യത്തെ ഭരണ കക്ഷിയുടെ തലവൻ തന്നെ പ്രഖ്യാപിക്കുന്ന അവസ്ഥ. എത്ര നിസ്സാരമായാണ് അവരെല്ലാം രാജ്യത്തെ പരമോന്നത നീതിപീഠത്തെ കാണുന്നത്. സുപ്രീം കോടതിയെ ഭയപ്പെടുത്താൻ നോക്കുന്നത് അൽപത്വമല്ലേ. എല്ലാ കാര്യത്തിലും കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് നരേന്ദ്ര മോഡി സർക്കാർ പ്രവർത്തിക്കുന്നത്. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ ഒരു കാര്യം പരിശോധിക്കുന്നത് നന്നായിരിക്കും. മുമ്പ് ഏത് സർക്കാർ ചെലവഴിച്ചതിലും അധികം പണം ഈ സർക്കാർ ശബരിമല വികസനത്തിനായി ചെലവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യമാക്കി ക്രമപ്പെടുത്താനാണ് തീരുമാനം. അതുമായി മുന്നോട്ടു പോകും -മുഖ്യമന്ത്രി പറഞ്ഞു.






