Sorry, you need to enable JavaScript to visit this website.

ദുരിതാശ്വാസ നിധി തട്ടിപ്പ്:  അന്വേഷണം വേണമെന്ന് ആവശ്യം

മലപ്പുറം- ചങ്ങരംകുളം സബ് ട്രഷറിയിൽ പെൻഷൻകാർ നൽകിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന എൻ.ജി.ഒ യൂണിയൻ നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു മാറ്റിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നു കേരള എൻ.ജി.ഒ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
സാലറി ചാലഞ്ചിന്റെ പേരിൽ പൊന്നാനി മേഖലയിൽ ജീവനക്കാരിൽ നിന്ന് ഒരു മാസത്തെ ശമ്പളം പിടിച്ചുപറിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട ചങ്ങരംകുളം ട്രഷറിയിലെ സന്തോഷ് കുമാർ. ഇടതു സംഘടനാ നേതാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നടത്തിയ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. സാലറി ചാലഞ്ചിന്റെ പേരിൽ സംസ്ഥാനത്തുടനീളം യൂണിയൻ നേതാക്കൾ നടത്തിയ ക്രമക്കേടുകളിൽ ഒന്നു മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. 
ട്രഷറിയിലെ സ്ഥിരം നിക്ഷേപ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പ് ഗുരുതരമാണ്. ട്രഷറി ഇടപാടുകളിലെ വിശ്വാസ്യത തകർക്കുന്ന നടപടിയാണിത്. ഇയാൾ നേരത്തെ ജോലി ചെയ്ത കാലയളവിലെ ഇടപാടുകളും പരിശോധിക്കപ്പെടണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യൂണിയൻ നേതാവിനെ സംരക്ഷിക്കാൻ ജില്ലാ ട്രഷറി അധികൃതർ ശ്രമിച്ചത് അപലപനീയമാണ്. തട്ടിപ്പ് മൂടിവെക്കാനും ആരും അറിയാതെ പരിഹരിക്കാനുമാണ് അധികൃതർ ശ്രമിച്ചത്. നിക്ഷേപ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ടവരിൽ നിന്നു മാറ്റി വാങ്ങാനും ശ്രമമുണ്ടായി. ഒന്നര വർഷം മുമ്പ് ഇയാൾക്കെതിരെ ഒരു കൂട്ടം അധ്യാപകർ നൽകിയ പരാതി അധികൃതർ കാര്യമാക്കിയിരുന്നില്ല. സാമ്പത്തിക ക്രമക്കേട് ആക്ഷേപം ഉയർന്നിട്ടും സീറ്റ് മാറ്റം മാത്രമായിരുന്നു ശിക്ഷ. പൊന്നാനി ട്രഷറിയിൽ നിന്നു ഒന്നര ലക്ഷം രൂപ നേരത്തെ കാണാതായ സംഭവവും ഒതുക്കി തീർക്കുകയായിരുന്നുവെന്നും എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നടന്ന കൃത്രിമം പുറത്തറിയിക്കാതിരിക്കാനും ശ്രമമുണ്ടായി. സസ്പെൻഷൻ ഉത്തരവിൽ സ്ഥിരം നിക്ഷേപത്തട്ടിപ്പിനെക്കുറിച്ച് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. സാലറി ചാലഞ്ച് വിവാദം നിലനിൽക്കെ ഇടതു സംഘടനാ നേതാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഉൾപ്പെടുന്നതു വിവാദം ആകുമെന്നതിനാലാകാം അക്കാര്യം മൂടിവെച്ചത്.
ഇയാൾക്കൊപ്പം നിരപരാധികളായ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തതു തട്ടിപ്പിന്റെ ഗൗരവ സ്വഭാവം ലഘൂകരിക്കാനുള്ള നീക്കമാണ്. പൊന്നാനി ട്രഷറിയിൽനിന്നു സ്ഥിരം നിക്ഷേപ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിവരം ജില്ലാ ട്രഷറി അധികൃതരെ അറിയിച്ച ട്രഷറി ഓഫീസർ അടക്കം മൂന്നു പേർ പൊന്നാനിയിൽ നടപടിക്ക് വിധേയരായി. സർട്ടിഫിക്കറ്റുകൾ യഥാവിധി സൂക്ഷിച്ചില്ലെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റപത്രം. ചങ്ങരംകുളത്ത് ഇയാൾ കൃത്രിമം കാട്ടി സമർപ്പിച്ച ചെക്കുകൾ അറിയാതെ പാസാക്കി നൽകിയതാണ് രണ്ട് പേർക്ക് വിനയായത്.
നിരപരാധികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഇന്നുച്ചക്ക് മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രകടനവും ജില്ലാ ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സംഗമവും നടത്താൻ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

Latest News