കൊണ്ടോട്ടി - കെട്ടിട-ഭവന നികുതി പിരിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കടുംബശ്രീ അംഗങ്ങളുടെ സഹായം തേടുന്നു. സാമ്പത്തിക വർഷത്തിൽ ഏഴ് മാസം പിന്നിടുമ്പോൾ ഇതുവരെയായി 20.15 ശതമാനം നികുതി മാത്രമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് പിരിച്ചെടുക്കാനായത്. ഈ സാമ്പത്തിക വർഷം 1065.65 കോടിയാണ് തദ്ദേശ സ്ഥാപനങ്ങൾ വഴി നികുതി ലഭിക്കാനുളളത്. ഇതിൽ 214.60 കോടി രൂപയാണ് ഇതുവരെ പിരിച്ചെടുത്തത്.852.04 കോടി രൂപ ഇനിയും പിരിച്ചെടുക്കാനായുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ഇത്തവണ തദ്ദേശ സ്ഥാപനങ്ങളുടെ നികുതി വരവ്.
നികുതി നൽകാൻ ഗുണഭോക്താക്കളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനാണ് കുടംബശ്രീ അംഗങ്ങൾ വഴി വീടുകളിലേക്ക് നോട്ടീസ് നൽകിത്തുടങ്ങിയത്. പഞ്ചായത്തുകളിൽ പ്രത്യേക ക്യാമ്പ് നടത്തി നികുതി പിരിച്ചെടുക്കാനാണ് തീരുമാനം. എന്നിട്ടും നികുതി നൽകാത്തവരെ തേടി ഉദ്യോഗസ്ഥർ വീടുകൾ കയറി ഇറങ്ങാനാണ് തീരുമാനം.
നികുതി പിരിവിൽ ഗ്രാമപഞ്ചായത്തുകളാണ് മുന്നിലുളളത്. പിറകിൽ കോർപറേഷനുകളും. പഞ്ചായത്തുകൾ 32.31 ശതമാനവും നഗരസഭകൾ 10.78 ശതമാനവും കോർപ്പറേഷനുകൾ 5.23 ശതമാനവും മാത്രമാണ് നികുതി ഇനിത്തിൽ ഇതുവരെ പിരിച്ചെടുത്തത്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ 52,943.92 ലക്ഷം രൂപയാണ് ഈവർഷം നികുതി ഇനത്തിൽ പരിച്ചെടുക്കാനാുളളത്.ഇതിൽ 17108.12 ലക്ഷം പരിച്ചെടുത്തു.35,835.9 ലക്ഷം രൂപ ഇനിയും പിരിച്ചെടുക്കാനുണ്ട്.നഗരസഭയിൽ 28,128.2 ലക്ഷം രൂപയിൽ 3032.05 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്.25,096.13 ലക്ഷം രൂപ പിരിച്ചെടുക്കാനുണ്ട്.കോർപറേഷനിൽ 25,491.32 രൂപയിൽ 1332.44 ലക്ഷം രൂപയാണ് ആകെ പിരിച്ചെടുത്തത്. 241.58 ലക്ഷം രൂപ ഇനിയും പിരിച്ചെടുക്കാനുണ്ട്.