തിരുവനന്തപുരം- ശബരിമല ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന സമരം ശക്തിപ്പെടുത്താന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചതിനു പിന്നാലെ വിഷയം വീണ്ടും ആളിക്കത്തിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നു. സമരത്തിനു പിന്നിലെ രാഷ്ട്രീയം കൂടുതല്‍ വ്യക്തമാക്കി കൊണ്ട് ഇത്തവണ എന്‍.ഡി.എയുടെ നേതൃത്വത്തിലാണ് സമര പരിപാടികള്‍. ഇതിന്റെ ഭാഗമായി ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും സഖ്യകക്ഷിയായ ബി.ജെ.ഡി.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര നവംബര്‍ എട്ടിന് കാസര്‍കോട്ടു നിന്ന് ആരംഭിക്കും. 13ന് പത്തനംതിട്ടയില്‍ അവസാനിക്കുംന്ന തരത്തിലാണ് ക്രമീകരണമെന്ന് ശ്രീധരന്‍ പിള്ള അറിയിച്ചു.
കലാപാഹ്വാനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ ബി.ജെ.പിയോട് ബന്ധമുള്ള ആളല്ലെന്നും എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കെതിരെ സി.പി.എം കുപ്രചരണ നടത്തുകയാണെന്നും സ്വാമി സന്ദീപാനന്ദഗിരിയും സിപിഎം നേതാക്കള്‍ക്കും ഒരേ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.