സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് ദമ്പതികള്‍ മരിച്ചു

തലശ്ശേരി- അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കൊക്കയില്‍ വീണ് തലശ്ശേരി കതിരൂര്‍ സ്വദേശിയും ഭാര്യയും മരണപ്പെട്ടു. കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ ശ്രേയസ് ഹോസ്പിറ്റല്‍ ഉടമ ഡോ. എം.വി വിശ്വനാഥന്റെയും ഡോ.സുഹാസിനിയുടെയും മകന്‍ ജിഷ്ണു(29), ഭാര്യ കോട്ടയം യൂനിയന്‍ ക്ലബ്ബിന് സമീപം രാമമൂര്‍ത്തി-ചിത്ര ദമ്പതികളുടെ മകള്‍ മീനാക്ഷി (29) എന്നിവരാണ് മരണപ്പെട്ടത.്
ചെങ്ങന്നൂരിലെ എഞ്ചിനീയറിംഗ് കോളജിലെ സഹപാഠികളായ ഇരുവരും ഒരു വര്‍ഷം മുമ്പേയാണ് പ്രേമിച്ച് വിവാഹിതരായത്.
മൂന്ന് ദിവസം മുമ്പാണ് അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ജോലി നോക്കുന്ന ജിഷ്ണുവിന്റെ സഹോദരന്‍ വിഷ്ണു മൂന്ന് ദിവസമായി ജിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിവരവുമുണ്ടായില്ല. തുടര്‍ന്ന് അമേരിക്കയിലുള്ള ഇവരുടെ അമ്മാവന്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും ട്രക്കിങ്ങിനിടെ സെല്‍ഫിയെടുക്കുമ്പോള്‍ കൊല്ലിയില്‍ വീണ് മരിച്ചതായി വിവരം ലഭിക്കുകയായിരുന്നു. ഇവരുടെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് മരിച്ചത് ഇന്ത്യക്കാരാണെന്ന് മനസിലായത്. തുടര്‍ന്ന് എംബസി വഴി വിവരം നാട്ടിലറിയിക്കുകയായിരുന്നു. അമേരിക്കയില്‍ ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ മൃതദേഹങ്ങള്‍ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ തിങ്കളാഴ്ചയേ നടക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Latest News