Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിലുമായി സൗദി അറേബ്യക്ക് ബന്ധമില്ല -ആദിൽ അൽജുബൈർ

മനാമ- ഇസ്രായിലുമായി സൗദി അറേബ്യക്ക് ഒരു തരത്തിലുള്ള ബന്ധങ്ങളുമില്ലെന്ന് വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. 
പതിനാലാമത് മനാമ ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2002 അറബ് ഉച്ചകോടി അംഗീകരിച്ച അറബ് സമാധാന പദ്ധതി നടപ്പാക്കി, കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വന്തം രാഷ്ട്രം സ്ഥാപിക്കുന്നതിന് ഫലസ്തീനികളെ അനുവദിച്ച ശേഷം മാത്രമേ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്ര ബന്ധം സ്ഥാപിക്കുകയുള്ളൂ. 
സൗദി അറേബ്യയും തുർക്കിയും നടത്തുന്ന അന്വേഷണം പൂർത്തിയായ ശേഷം ജമാൽ ഖശോഗി വധത്തിൽ പങ്കുള്ള മുഴുവൻ പേരെയും ശിക്ഷിക്കും. അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പായി നിലപാടുകൾ സ്വീകരിക്കുകയോ ആർക്കെങ്കിലും മേൽ ആക്ഷേപം ചൊരിയുകയോ ചെയ്യരുത്. വേദനാജനകമായ ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതെ നോക്കുന്നതിനുള്ള സംവിധാനങ്ങൾ സൗദി അറേബ്യ ഏർപ്പെടുത്തും. 
മധ്യപൗരസ്ത്യ ദേശം വർഷങ്ങളായി സംഘർഷത്തിന്റെ പിടിയിലാണ്. മേഖലയിലെ ഭരണ സംവിധാനങ്ങൾ മാറ്റുന്നതിനും മധ്യപൗരസ്ത്യ ദേശത്ത് സ്വാധീനം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് ഈ സംഘർഷങ്ങൾക്ക് ചാലക ശക്തിയാകുന്നത്. ഇതിനെല്ലാം കാരണം ഇറാൻ വിപ്ലവമാണ്. ഇറാനിലേത് അക്രമ ഭരണകൂടമാണ്. മേഖല നിലവിൽ നേരിടുന്ന പ്രശ്‌നങ്ങൾ നല്ല ഭരണകർത്താക്കളും നേതൃത്വവും വഴി മറികടക്കുന്നതിന് കഴിയും. മേഖലയുടെ ഭാവിയുടെ കാര്യത്തിൽ ഭീതിയില്ല. മേഖല കൂടുതൽ അഭിവൃദ്ധി പ്രാപിക്കും. ഇറാനെയും, മേഖലാ രാജ്യങ്ങളിലുള്ള ഇറാന്റെ ഇടപെടലുകളെയും ഏതു രീതിയിൽ കൈകാര്യം ചെയ്യുമെന്നതാണ് പ്രശ്‌നം. സൗദി ഭരണാധികാരികൾക്കും ജനതക്കും ഭാവിയെ കുറിച്ച് പ്രത്യാശയുണ്ട്. സാമ്പത്തിക വളർച്ചക്കും വൈവിധ്യവൽക്കരണത്തിനും വനിതാ ശാക്തീകരണത്തിനും യുവാക്കളുടെ പ്രതീക്ഷകളും മോഹങ്ങളും സാക്ഷാൽക്കരിക്കുന്നതിനും സുതാര്യത ഉറപ്പു വരുത്തുന്നതിനുമാണ് ഇപ്പോൾ രാജ്യം ഊന്നൽ നൽകുന്നത്. അമേരിക്കയുമായി ശക്തമായ ബന്ധമാണ് സൗദി അറേബ്യക്കുള്ളത്. പശ്ചാത്യ രാജ്യങ്ങളുടെ സഖ്യരാജ്യമാണ് സൗദി അറേബ്യ. വിജയങ്ങളിലൂടെയും പരാജയങ്ങളിലൂടെയും കടന്നു പോകുമ്പോഴും ഈ സഖ്യത്തിൽ മാറ്റമുണ്ടാകില്ല. 
ഊർജ മേഖലയിൽ വലിയ നിക്ഷേപങ്ങൾ സൗദി അറേബ്യ നടത്തുന്നുണ്ട്. സ്ഥിരതയുള്ള ലോകക്രമവും ഫലപ്രദമായ ഭീകര വിരുദ്ധ പോരാട്ടവും ആഗോള സമുദ്ര പാതകളിൽ സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതവും ആവശ്യമാണ്. ഇതിനുള്ള ശ്രമങ്ങൾ സൗദി അറേബ്യ തുടരും. 
മേഖലയിൽ വ്യത്യസ്ത സഖ്യങ്ങളില്ല. ഗൾഫ് സഹകരണ കൗൺസിലിന് ഈജിപ്തുമായും ജോർദാനുമായും സഖ്യമുണ്ട്. ഉഭയകക്ഷി താൽപര്യങ്ങളാണ് ഈ സഖ്യങ്ങൾ നിയന്ത്രിക്കുന്നത്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം അമേരിക്കയുടെ സഖ്യരാജ്യങ്ങളെ അമേരിക്ക കൈയൊഴിയില്ലെന്ന് വ്യക്തമാക്കി. 
ഈ നിലപാടിനെ സൗദി അറേബ്യ പ്രോത്സാഹിപ്പിക്കുന്നു. അമേരിക്കയും സഖ്യരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിച്ചതിലൂടെ ഐ.എസിനെ ഇല്ലാതാക്കുന്നതിലും ഇറാഖിൽ അവരെ പരാജയപ്പെടുത്തുന്നതിലും വലിയ വിജയം കൈവരിക്കുന്നതിന് സാധിച്ചു. ഐ.എസ് വിരുദ്ധ പോരാട്ടത്തിൽ കാര്യമായൊന്നും ചെയ്യുന്നതിന് വർഷങ്ങളോളം അധികാരത്തിലിരുന്ന ബരാക് ഒബാമക്ക് സാധിച്ചിരുന്നില്ല. 
ആണവ പദ്ധതിയും മേഖലാ രാജ്യങ്ങളിലെ ഇടപെടലുകളും നിർത്തിവെക്കുന്നതിന് പ്രേരിപ്പിക്കുന്നതിന് ഇറാനെതിരെ ട്രംപ് ഉപരോധം ഏർപ്പെടുത്തി. മേഖലയിൽ പുതിയ സൈനിക സഖ്യം രൂപീകരിക്കുന്നതിനെ സൗദി അറേബ്യ പിന്തുണക്കുന്നു. ഇക്കാര്യത്തിൽ ആശയങ്ങൾക്ക് വ്യക്തത വരുത്തുന്നതിന് ഈജിപ്തുമായും ജോർദാനുമായും ചർച്ചകൾ തുടരുകയാണ്. മേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്ന അടിസ്ഥാന ലക്ഷ്യം കൈവരിക്കുന്നതിനാണ് ശ്രമമെന്ന് വിദേശ മന്ത്രി പറഞ്ഞു. 
ജർമനിയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് ദീർഘ കാലം മുമ്പ് സൗദി അറേബ്യ നിർത്തിവെച്ചതാണെന്ന്, സൗദി അറേബ്യക്ക് ആയുധങ്ങൾ വിൽക്കുന്നത് നിർത്തിവെച്ചെന്ന ജർമനിയുടെ പ്രഖ്യാപനത്തെ കുറിച്ച ചോദ്യത്തിന് മറുപടിയായി ആദിൽ അൽജുബൈർ പറഞ്ഞു. അൽഖാഇദ, അൽനുസ്‌റ ഫ്രന്റ്, ഐ.എസ് പോലുള്ള ഭീകര സംഘടനകളുടെയും ഭീകരതയുടെയും വല്യുമ്മയാണ് മുസ്‌ലിം ബ്രദർഹുഡ്. 
ഈ ഗ്രൂപ്പിനെ ഭീകര സംഘടന ആയാണ് സൗദി അറേബ്യ കാണുന്നത്. ബ്രദർഹുഡിന്റെ തിന്മകൾ അകറ്റിനിർത്തുന്നതിന് സൗദി അറേബ്യ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇറാഖും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കരുത്താർജിച്ചു വരികയാണ്. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ആറു മന്ത്രിമാർ അടങ്ങിയ സംയുക്ത ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങളും കൂടുതൽ കോൺസുലേറ്റുകൾ തുറന്നിട്ടുണ്ട്. കരാതിർത്തികളും തുറന്നിട്ടുണ്ട്. ഇറാഖിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതിനെ കുറിച്ച് സൗദി അറേബ്യ പഠിക്കുന്നുണ്ട്. പുതിയ ഇറാഖ് ഗവൺമെന്റിനെ പ്രതീക്ഷയോടെയാണ് സൗദി അറേബ്യ കാണുന്നതെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 
 

Latest News