റിയാദ് - വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങൾ. പ്രളയത്തിൽ നിരവധി റോഡുകൾ തകർന്നു. മലയിടിച്ചിൽ മൂലം വ്യത്യസ്ത സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. മലയിടിച്ചിൽ സാധ്യത കണക്കിലെടുത്ത് തായിഫ്, മക്ക അൽകർ റോഡ് സുരക്ഷാ വകുപ്പുകൾ താൽക്കാലികമായി അടച്ചിരുന്നു. മലയിടിച്ചിലുണ്ടായതിനെ തുടർന്ന് അൽമുഹമ്മദിയ ചുരം റോഡും അടച്ചു. തായിഫ് അൽഹദയിലെ അൽശർഖാ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. തായിഫ് അൽശഫയിൽ പ്രവർത്തിക്കുന്ന റിസോർട്ടിൽ നിന്ന് ഇരുപതു പേരെ മുൻകരുതലെന്നോണം സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു. റിസോർട്ടിൽ വെള്ളം കയറിയതിനെ തുടർന്നാണ് ആളുകളെ ഒഴിപ്പിച്ചത്. തായിഫിൽ വെള്ളത്തിൽ കുടുങ്ങിയ നാലു കാറുകളും സിവിൽ ഡിഫൻസ് പുറത്തെടുത്തു. തായിഫിൽ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രളയത്തിൽ കുടുങ്ങിയ പന്ത്രണ്ടു പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ലിഫ്റ്റുകളിൽ കുടുങ്ങിയ ഏഴു പേരെയും സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. അൽബാഹയിൽ കാർ ഒഴുക്കിൽ പെട്ട് സൗദി പൗരനും മകനും മരിച്ചു. ജറദിലെ വാദി ഹലൂദിലാണ് അപകടം. കാർ ഒഴുക്കിൽ പെട്ടതായി വെള്ളിയാഴ്ച വൈകിട്ട് 6.59 ന് ആണ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. ബൽജുർഷി, അൽഅഖീഖ് എന്നിവിടങ്ങളിൽ നിന്നുള്ള സിവിൽ ഡിഫൻസ് യൂനിറ്റുകൾ നടത്തിയ തിരച്ചിലിൽ അപകട സ്ഥലത്തു നിന്ന് 800 മീറ്റർ ദൂരെ ആറു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിലൂടെ സൗദി പൗരന്റെ മൃതദേഹവും കണ്ടെത്തി. കാർ ഒഴുക്കിൽ പെട്ട സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റർ ദൂരെയാണ് 54 കാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് അൽബാഹ സിവിൽ ഡിഫൻസ് വക്താവ് കേണൽ ജംആൻ ദായിസ് പറഞ്ഞു.

അൽബാഹ വാദി ഥറാദിൽ കാർ പ്രളയത്തിൽ പെട്ടതായി വെള്ളിയാഴ്ച വൈകിട്ട് 6.53 ന് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചു. കാറിൽ കുടുങ്ങിയ ഡ്രൈവറെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. ജറദ് പോലീസ് സ്റ്റേഷനു പിന്നിൽ കാർ ഒഴുക്കിൽ പെട്ടതായി വെള്ളിയാഴ്ച വൈകിട്ട് 6.54 ന് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചു. കാറിൽ നാലു യാത്രക്കാരുണ്ടായിരുന്നു. അൽഅഖീഖ്, ജറബ്, ബൽജുർഷി എന്നിവിടങ്ങളിൽ നിന്നുള്ള സിവിൽ ഡിഫൻസ് സംഘങ്ങൾ ചേർന്ന് നാലു പേരെയും രക്ഷപ്പെടുത്തിയതായും കേണൽ ജംആൻ ദായിസ് പറഞ്ഞു.

മക്കയിൽ കനത്ത മഴക്കിടെ വെള്ളത്തിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. അൽശറായിഅ്, അൽറാശിദിയ, അൽമഗ്മസ് എന്നിവിടങ്ങളിലാണ് ആളുകൾ വെള്ളത്തിൽ കുടുങ്ങിയത്. അൽമഗ്മസിൽ പ്രളയത്തിൽ പെട്ട കാറിൽ നിന്ന് മൂന്നു പേരെയും മറ്റൊരു കാറിൽ നിന്ന് ഒരാളെയുമാണ് രക്ഷപ്പെടുത്തിയത്. മക്ക അൽഹുസൈനിയ ഡിസ്ട്രിക്ടിൽ പ്രളയത്തിൽ പെട്ട കാറിൽ കുടുങ്ങിയ കുടുംബത്തെയും സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. അൽശറായിഅ്, അൽറാശിദിയ എന്നിവിടങ്ങളിലും ഏതാനും പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. പ്രളയത്തിനിടെ മരത്തിനു മുകളിൽ കുടുങ്ങിയ മറ്റൊരാളെയും ഇസ്തിറാഹയിൽ കുടുങ്ങിയ കുടുംബത്തെയും മക്ക സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.






