ന്യൂദല്‍ഹി- ബാബരിക്കേസുമായി ബന്ധപ്പെട്ട ഭൂമിത്തര്‍ക്കം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇതിനായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന പുതിയ ബെഞ്ച് ശനിയാഴ്ച രൂപീകരിച്ചു. കേസില്‍ ദിനേന വാദം കേള്‍ക്കണോ അല്ലെങ്കില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കണോ എന്നതു സംബന്ധിച്ച ബെഞ്ചിന്റെ തീരുമാനവും തിങ്കളാഴ്ച ഉണ്ടായേക്കും. ഈ കേസ് പരിഗണിച്ചിരുന്നത് മുന്‍ ചീഫ് ജസറ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, അശോക് ഭൂഷണ്‍ എന്നിവരും ഉള്‍പ്പെട്ട ബെഞ്ചായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വന്ന പശ്ചാത്തലത്തില്‍ ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും ബാബരി കേസും അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണവും വീണ്ടും ചര്‍ച്ചയാക്കി തുടങ്ങിയ പശ്ചാത്തലത്തിലാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. കേസില്‍ വാദം കേള്‍ക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കി വിധി പറയണമെന്നും ജനങ്ങളുടെ ക്ഷമ സുപ്രീം കോടതി പരീക്ഷിക്കരുതെന്നും ബി.ജെ.പി നേതാവും തീപ്പൊരു ഹിന്ദുത്വവാദിയുമായ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് ഏതാനും ദിവസം മുമ്പ് പറഞ്ഞിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി വര്‍ഷങ്ങളായി രാജ്യത്തെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.