ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; അഞ്ച് ജവാന്മാര്‍ കൊല്ലപെട്ടു

റായ്പൂര്‍- നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം. ഭരണകക്ഷിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പൊതുപ്രചാരണത്തിന് തുടക്കമിട്ട ദിവസം തന്നെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചാണ് അഞ്ച് അര്‍ധസൈനികര്‍ കൊല്ലപ്പെട്ടത്. സഫോനടത്തില്‍ സൈനികരുടെ വാഹനം തകര്‍ന്നു. സി.ആര്‍.പി.എഫ് ജവാന്മാരാണ് മരിച്ചത്. ഒരു ജവാന് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സി.ആര്‍.പി.എഫിന്റെ മുര്‍ഡാന്‍ഡ ക്യാമ്പിനു സമീപം സ്‌ഫോടനമുണ്ടായത്. സൈനിക വാഹനത്തില്‍ ആറു പേരാണ് ഉണ്ടായിരുന്നത്.

നവംബര്‍ 12ന് നടക്കാനിരിക്കുന്ന ആദ്യ ഘട്ട വോട്ടെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുടെ പ്രചാരണ പരിപാടി സുക്മ ജില്ലയില്‍ മുഖ്യമന്ത്രി രമണ്‍ സിങ് ഉല്‍ഘാടനം ചെയ്തത് ശനിയാഴ്ചയായിരുന്നു. 18 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ശക്തമായ മാവോവാദി ഭീഷണി നില നില്‍ക്കുന്ന ബസ്താര്‍, കന്‍കെര്‍, സുക്മ, ബിജാപൂര്‍, ദാണ്ഡെവാഡ, നാരായണ്‍പൂര്‍, കൊണ്ടഗാവ്, രാജനന്ദ്ഗാവ് എന്നീ ജില്ലകളിലാണ് ഈ മണ്ഡലങ്ങള്‍. ബാക്കിയുള്ള മണ്ഡലങ്ങളില്‍ നവംബര്‍ 20നാണഅ വോട്ടെടുപ്പ്. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കും.
 

Latest News