Sorry, you need to enable JavaScript to visit this website.

മോഡിയെ തടഞ്ഞ് സുപ്രീം കോടതി

സി.ബി.ഐ കേസിലെ സുപ്രീം കോടതിയുടെ വെള്ളിയാഴ്ചത്തെ ഇടപെടലിന് ചരിത്രപരമായ ഒട്ടേറെ മാനങ്ങളുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെ ഇഛയ്ക്കനുസരിച്ച് ആയുധമാക്കുന്ന പ്രധാനമന്ത്രി മോഡിയുടെ നീക്കങ്ങൾക്കെതിരായ സുപ്രീം കോടതിയുടെ ശക്തമായ മുന്നറിയിപ്പാണ് അതിൽ പ്രധാനം. 
സി.ബി.ഐ ഉന്നത മേധാവികളുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ അന്വേഷണം സ്വന്തം നിരീക്ഷണത്തിൽ നടത്തണമെന്നാണ് സുപ്രീം കോടതി തീരുമാനിച്ചത്.  സർക്കാർ അന്വേഷണ ചുമതലയേൽപിച്ച കേന്ദ്ര വിജിലൻസ് കമ്മീഷൻ സുപ്രീം കോടതി നിയോഗിച്ച റിട്ടയേർഡ് ജഡ്ജി എ.കെ. പട്‌നായിക്കിന്റെ മേൽനോട്ടത്തിന് വിധേയമായി പ്രവർത്തിക്കണമെന്നും തീരുമാനിച്ചു.  പന്ത്രണ്ടു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന നിബന്ധനയും പ്രശ്‌നം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കു തടയിടും. സി.ബി.ഐ ഡയറക്ടറുടെ ചുമതല ഇടക്കാലത്തേക്ക് ഏൽപിച്ച ജോയന്റ് ഡയറക്ടർ നാഗേശ്വർ റാവു നയപരമായ തീരുമാനങ്ങളെടുക്കാൻ പാടില്ലെന്ന കൽപനയും പ്രധാനമന്ത്രി മോഡിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി. 
ബുധനാഴ്ച അർദ്ധരാത്രി ചുമതലയേറ്റതു മുതൽ സ്വീകരിച്ച എല്ലാ നടപടികളും മുദ്രവെച്ച കവറിൽ സുപ്രീം കോടതി മുമ്പാകെ ഹാജരാക്കണമെന്ന ഉത്തരവും സുപ്രധാനമാണ്.  ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ സുപ്രീം കോടതി പ്രതിബദ്ധതയോടെ നിലകൊള്ളുന്നു എന്ന സന്ദേശമാണ് അതിലൂടെ രാജ്യത്തിനു നൽകിയത്.    
അതാകട്ടെ, അടിയന്തരാവസ്ഥയിൽ മാത്രം നടന്നതു പോലുള്ള ഇടപെടൽ അർദ്ധരാത്രിയിൽ നടത്തി സി.ബി.ഐ ആസ്ഥാനം പോലീസിനെക്കൊണ്ടു വളയിച്ച്   ഡയറക്ടറടക്കം പതിനാലോളം ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന്റെ ഞെട്ടലിൽ രാജ്യം നിലകൊള്ളുമ്പോൾ. 
രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ വിശ്വാസ്യത തകർന്നതിന്റെ പേരിലാണ് പ്രധാനമന്ത്രി മാറിനിന്ന് സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ മുഖേന കേന്ദ്ര വിജിലൻസ് ഏജൻസിയെ ഉപകരണമാക്കി ഭരണഘടനാ വ്യവസ്ഥകൾ കാറ്റിൽ പറത്തി ഇതു ചെയ്യിച്ചത്.  കേസിന്റെ ഉള്ളടക്കത്തിലേക്കും ആഴങ്ങളിലേക്കും കടക്കാതെ തന്നെ ശരിക്കും  ഈ നീക്കങ്ങൾക്ക് തടയിടുകയാണ് ഉടനടി സുപ്രീം കോടതി ചെയ്തത്. അതിലൂടെ ആരോപണങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നതും വിശ്വാസ്യത നഷ്ടപ്പെടുന്നതും പ്രധാനമന്ത്രി മോഡിക്കു തന്നെ. 
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കു മുമ്പിലാണ് പ്രധാനമന്ത്രി. തൊട്ടുപിറകെ പൊതു തെരഞ്ഞെടുപ്പിനെയും നേരിടണം. പ്രധാനമന്ത്രിയുടെ അഴിമതി വിരുദ്ധതയും വിശ്വാസ്യതയുമാണ്  ഈ കേസിലൂടെ അതിശക്തമായി ചോദ്യം ചെയ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബെഞ്ച് അടുത്ത മാസം തന്നെ മോഡിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ഭാവിയെ ബാധിക്കുന്ന വിധി പുറപ്പെടുവിക്കുമെന്നതാണ് ഏറ്റവും നിർണായകം. 
സി.ബി.ഐ ആസ്ഥാനത്ത് അർദ്ധരാത്രി പ്രധാനമന്ത്രി നടത്തിയ അട്ടിമറി തടയപ്പെട്ടു എന്നതാണ് സുപ്രീം കോടതി ഇടപെടലിലൂടെ സംഭവിച്ച ഏറ്റവും പ്രധാനമായ കാര്യം.  അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും ഭരണഘടന അട്ടിമറിച്ചതും  ഏകാധിപത്യ മാർഗത്തിലൂടെ അധികാരം നിലനിർത്താൻ ഇന്ദിരാഗാന്ധി നടത്തിയ ശ്രമമായിരുന്നു എന്നത് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. റഫേൽ അഴിമതി ആരോപണം പ്രധാനമന്ത്രി മോഡിയിൽ ചെന്ന് തറയ്ക്കുന്നത് തടയാനാണ് സി.ബി.ഐ ആസ്ഥാനം പിടിച്ചെടുത്തതും സി.ബി.ഐ ഡയറക്ടറെയടക്കം പുറത്താക്കി വിശ്വസ്തരെ ചുമതലയിലേൽപിച്ചതും. 
മോഡി മുഖ്യമന്ത്രിയായിരിക്കേ ഗുജറാത്ത് കേഡറിലിരുന്ന വിശ്വസ്തനായ പോലീസ് ഓഫീസർ രാകേഷ് അസ്താനയെ സി.ബി.ഐ ഡയറക്ടറാക്കാൻ നടത്തിയ നീക്കങ്ങളാണ് ഇപ്പോൾ മോഡിക്ക് തിരിച്ചടിയായത്. സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയും സ്‌പെഷ്യൽ ഡയറക്ടർ എന്ന നിലയിൽ രാകേഷ് അസ്താനയും തമ്മിലുള്ള ഏറ്റുമുട്ടലായും പരസ്പരം ചുമത്തുന്ന അഴിമതി കേസുകളായും വളർന്ന വിവാദങ്ങളല്ല യഥാർത്ഥത്തിൽ പ്രധാനമന്ത്രിയെ ഈ ഗൂഢനീക്കത്തിന് പ്രേരിപ്പിച്ചത്. 
ഇതിനകം ഇന്ത്യയിലും ഫ്രാൻസിലും വൻ അഴിമതി വിവാദമായി ആളിപ്പടരുന്ന റഫാൽ വിമാന ഇടപാടിൽ കേസ് രജിസ്റ്റർ ചെയ്യാൻ സി.ബി.ഐ ഡയറക്ടർ അലോക് വർമ്മ നീങ്ങുന്നതു തടയാനാണ് അർദ്ധരാത്രി തന്ത്രപരമായ മിന്നലാക്രമണം നടത്തിയത്. അതോടൊപ്പം ജനുവരി വരെ മാത്രം കാലാവധിയുളള, അതിനിടയിൽ തൽസ്ഥാനത്തുനിന്നു നീക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശമുള്ള അലോക് വർമ്മയെ സി.ബി.ഐ ആസ്ഥാനത്തു നിന്നു തന്നെ എടുത്തെറിഞ്ഞതും.  
ഇതിന് മൂന്നാഴ്ച മുമ്പാണ് റഫാൽ വിമാന ഇടപാടിൽ അഴിമതി നടത്തിയതിന് പ്രധാനമന്ത്രി മോഡിയെ ഒന്നാം പ്രതി ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് വാജ്‌പേയി മന്ത്രിസഭയിലെ അംഗങ്ങളായ യശ്വന്ത് സിഹ്നയും അരുൺ ഷൂരിയും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും തെളിവുകളും രേഖകളും ഉൾപ്പെട്ട 135 പേജുള്ള പരാതി സി.ബി.ഐ ഡയറക്ടർക്കു നൽകുന്നത്.  അതിന്റെ തലേന്നാൾ എം.എൽ. ശർമ്മയും വിനീത് ധാന്തയും സുപ്രീം കോടതിയിൽ ഈ ഇടപാട് സംബന്ധിച്ച് ഒരു ഹരജി സമർപ്പിച്ചിരുന്നു. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് എന്ന പൊതുമേഖലാ സ്ഥാപനത്തെ അവഗണിച്ച് പത്തു ദിവസം മുമ്പു മാത്രം പടച്ചുണ്ടാക്കിയ അനിൽ അംബാനിയുടെ റിലയൻസ് എയ്‌റോസ്ട്രക്ചർ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന് റഫാൽ ഇടപാടിന്റെ അഴിമതിപ്പണം നൽകിയിട്ടുണ്ടെന്ന്  ആരോപിച്ച്. 
ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങൾക്ക് പ്രധാനമന്ത്രി അനിൽ അംബാനി, ഫ്രഞ്ച് ആയുധ നിർമ്മാണ കമ്പനിയായ ദസോൾട്ട് ലിമിറ്റഡിന്റെ സി.ഇ.ഒ എന്നിവരുടെ പേരിൽ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്.  കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് റഫാൽ ഇടപാടിലെ തീരുമാനം സംബന്ധിച്ച നടപടിക്രമങ്ങൾ കോടതിയെ അറിയിക്കണമെന്നു നിർദ്ദേശിച്ചത്  
അതുവരെ മാധ്യമങ്ങളിലും പാർലമെന്റിലും രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനങ്ങളിലും പ്രസംഗങ്ങളിലും മാത്രം നിറഞ്ഞുനിന്നതായിരുന്നു റഫാൽ അഴിമതി പ്രശ്‌നം. അത് സുപ്രീം കോടതിയിലൂടെയും സി.ബി.ഐയിലൂടെയും പ്രധാനമന്ത്രി മോഡിയെ വളഞ്ഞുപിടിക്കുന്ന നിയമ പ്രശ്‌നമായി മാറിയത് മൂന്നാഴ്ചകൾക്കുള്ളിലാണ്.
 അതിൽനിന്ന് രക്ഷ നേടാനുള്ള ഒരു ഏകാധിപതിയുടെ സ്വാഭാവികമായ പ്രതിനീക്കങ്ങളാണ് സി.ബി.ഐ ആസ്ഥാനത്തെ അട്ടിമറിയിൽ നടന്നത്.  
സി.ബി.ഐ എന്ന കുറ്റാന്വേഷണ ഏജൻസിയെ കൈയിലൊതുക്കുന്നതിന് ആറ് സി.ബി.ഐ കേസുകൾ നേരിടുന്ന രാകേഷ് അസ്താനയെ സി.ബി.ഐ തലപ്പത്ത് പ്രതിഷ്ഠിക്കാൻ പ്രധാനമന്ത്രി മോഡി ശ്രമം നടത്തി.  അമിത് ഷായും മോഡിയും ഉൾപ്പെട്ട കൂട്ടക്കൊല - ഏറ്റുമുട്ടൽ കേസുകളിൽ രക്ഷപ്പെടാൻ സഹായിച്ച അസ്താന സി.ബി.ഐ ഡയറക്ടർ ആകാതെ പോയത് നിയമനത്തിനെതിരെ സുപ്രീം കോടതി നടത്തിയ ഇടപെടലിലൂടെയാണ്. ദൽഹി പോലീസ് മേധാവിയായിരുന്ന അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടരാക്കേണ്ടിവന്നതും ആ കേസിൽനിന്ന് തലയൂരാനായിരുന്നു.  
അതിനു ശേഷം രാകേഷ് അസ്താന സി.ബി.ഐ ആസ്ഥാനത്തിരുന്ന് അട്ടിമറിച്ച കൽക്കരി കുംഭകോണം കേസുകൾ തൊട്ട് സുപ്രീം കോടതിയുടെ നിശിത വിമർശനം ഏറ്റുവാങ്ങിയ നിരവധി കേസുകളുണ്ട്.  അതിനിടയ്ക്കാണ് ഹൈദരാബാദിലെ മാംസ വ്യാപാരിയിൽനിന്ന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയതിന്റെ പരാതി അസ്താനയ്‌ക്കെതിരെ  ഉണ്ടായതും തെളിവ് ലഭിച്ചതും. ഇതു സംബന്ധിച്ച അന്വേഷണത്തിന് ഡയറക്ടർ വർമ്മ നിയോഗിച്ച ഡി.ഐ.ജിയെയാണ് കഴിഞ്ഞ ദിവസം സി.ബി.ഐ ആസ്ഥാനത്തുനിന്ന് ആന്റമാനിലേക്ക് സ്ഥലം മാറ്റിയത്.  ഒരു ഡസനോളം ഉന്നത ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേക്കും.  അസ്താനയ്‌ക്കെതിരായി സി.ബി.ഐ കേസെടുത്തതിന് പിറകെയാണ് സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയ്‌ക്കെതിരെ അസ്താന അഴിമതി ആരോപണം രേഖാമൂലം ഉന്നയിക്കുന്നത്. സി.ബി.ഐ ഡയറക്ടർ വർമ്മയെയും അഡീഷണൽ ഡയറക്ടർ അസ്താനയെയും പ്രധാനമന്ത്രി വിളിപ്പിച്ച് ഒത്തുതീർപ്പിന്  നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. 
കേന്ദ്ര വിജിലൻസ് കമ്മീഷൻ ഇടപെടേണ്ടിവന്നതാണ് സി.ബി.ഐ ആസ്ഥാനത്തെ സ്ഥാന ചലനങ്ങൾക്കും അധികാര മാറ്റങ്ങൾക്കും കാരണമെന്നാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും കേന്ദ്ര സർക്കാറും സ്വീകരിച്ച ഔദ്യോഗിക നിലപാട്.  എന്നാൽ സി.ബി.ഐ ഡയറക്ടറുടെ ജൻപഥിലെ ഔദ്യോഗിക വസതി നിരീക്ഷിക്കുകയായിരുന്ന നാല് ഐ.ബി ഉദ്യോഗസ്ഥരെ അലോക് വർമ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതോടെ ഗവണ്മെന്റിന്റെ ഉദ്ദേശ്യം കൃത്യമായി വെളിപ്പെട്ടു.  സുപ്രീം കോടതി തന്നെ സി.വി.സിയെ ഉപയോഗിച്ചു നടത്തിയ അട്ടിമറിയെയും നിയമനങ്ങളെയും മരവിപ്പിച്ചു എന്നത് കേന്ദ്ര സർക്കാറിന്റെ വ്യാഖ്യാനങ്ങളെ തള്ളിക്കളയുന്നു.
പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്നാണ് സി.ബി.ഐ ഡയറക്ടറെ നിയമിക്കേണ്ടതും അവർ ആലോചിച്ചു വേണം നീക്കം ചെയ്യേണ്ടതും. എന്നിരിക്കേ, അർദ്ധരാത്രിയിൽ വിളിച്ചുണർത്തി ഇനി താൻ സി.ബി.ഐ ആസ്ഥാനത്ത് വരേണ്ടതില്ലെന്ന് അറിയിക്കുകയും ഔദ്യോഗിക വാഹനവും ഡ്രൈവറെ പോലും പിൻവലിക്കുകയും ചെയ്ത അസാധാരണ കാഴ്ചകളാണ് ഉണ്ടായത്. കൈക്കൂലി വാങ്ങി സി.ബി.ഐ കേസുകളിൽ അനുകൂലമായ വിധി സമ്പാദിച്ചു കൊടുക്കുന്നതിന് ചെന്നൈ സി.ബി.ഐ ഓഫീസിൽ ഇരിക്കെ തന്നെ ആരോപണത്തിനു വിധേയനായ  ഒഡീഷ സ്വദേശിയായ ജോയന്റ് ഡയറക്ടർക്കാണ് സി.ബി.ഐ ഡയറക്ടറുടെ അധികാരം കൈമാറിയത്. സെൻട്രൽ വിജിലൻസ് കമ്മീഷനും ആരോപണ വിധേയനാണ്.
 സുപ്രീം കോടതി വെള്ളിയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം ഇത്തരം ഭരണഘടനാ വിരുദ്ധ നീക്കങ്ങളെ  നിരായുധമാക്കുന്നതും കോടതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയിൽ അന്വേഷണം പൂർത്തിയാക്കാൻ സംവിധാനങ്ങൾ ഒരുക്കുന്നതുമാണ്.  
സുതാര്യമായ നിയമവാഴ്ച ഉറപ്പു വരുത്തുന്ന നടപടികളാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നത് പ്രതീക്ഷ നൽകുന്നതാണ്.  എന്നാൽ ഏകാധിപതികളാരും നീതിയും നിയമവും പാലിച്ചല്ല ചരിത്രത്തിൽ മുന്നേറാൻ ശ്രമിച്ചിട്ടുള്ളത്.  അടിയന്തരാവസ്ഥയിൽ നമ്മുടെ രാജ്യം അത് അനുഭവിച്ചതുമാണ്. അതുകൊണ്ട് വരും ദിവസങ്ങളിലെ സംഭവങ്ങൾ ഏതു നിലയ്ക്ക് നീങ്ങുമെന്നത്  ആശങ്ക ഉയർത്തുന്നതാണ് എന്നു കൂടി പറഞ്ഞുവെക്കട്ടെ.
 

Latest News