ശരിയാണ്, ശബരിമലയും  പരിസരപ്രദേശങ്ങളും സംരക്ഷിക്കണം 

ശബരിമല സ്ത്രീപ്രവേശന പ്രശ്‌നം രൂക്ഷമായി തന്നെ തുടരുകയാണ്. വരാൻ പോകുന്ന കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയാണിപ്പോൾ എന്നു കരുതുന്നവരാണ് കൂടുതലും. മണ്ഡല കാലത്തിനായി വൃശ്ചികം ഒന്നിന് (നവംബർ 17) നട തുറക്കുമ്പോൾ എന്തായിരിക്കും സംഭവിക്കുക എന്ന ആശങ്കയിലാണ് കേരളം. വിഷയവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജി നവംബർ 13 നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്കിടയിൽ അവഗണിക്കപ്പെടുന്ന ഒന്നാണ് ശബരിമലയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങൾ. ഇത്രയും പാരിസ്ഥിതിക ലോലമായ കാനന മേഖലയിൽ കോടിക്കണക്കിനു പേർ എത്തുമ്പോഴുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങൾ ചില്ലറയല്ല. തീർച്ചയായും അതിന്റെ പേരിൽ സ്ത്രീപ്രവേശനം വേണ്ട എന്ന വാദം അംഗീകരിക്കാനാവില്ല. ഇത്രയും പാരിസ്ഥിതിക വിഷയങ്ങൾ നിലനിൽക്കുന്നിടത്ത് എന്തിനാണ് സ്ത്രീകൾ പോയി കൂടുതൽ രൂക്ഷമാക്കുന്നതെന്ന് സുഗതകുമാരിയടക്കമുള്ളവരുടെ ചോദ്യങ്ങൾ നൈതികമല്ല. പാരിസ്ഥിതിക വിഷയങ്ങളുടെ പേരിൽ തള്ളിക്കളയാവുന്നതല്ല സ്ത്രീനീതിയുടേത്. അതേസമയം പാരിസ്ഥിതിക വിഷയം അതിരൂക്ഷമായതിനാൽ ലിംഗഭേദമില്ലാതെ മൊത്തത്തിൽ ഒരു നിയന്ത്രണമാവശ്യമാണുതാനും. നിർഭാഗ്യവശാൽ ആ ദിശയിലുള്ള നീക്കങ്ങളൊന്നും കാണാനില്ല. പകരം സ്ത്രീപ്രവേശനത്തിന്റെ പേരു പറഞ്ഞ് കൂടുതൽ വനം നശിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. 
ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണത്തെ കുറിച്ച് പർവ്വതീകരിച്ച കണക്കുകളാണ് എപ്പോഴും അവതരിപ്പിക്കാറെന്നത് ശരി തന്നെ. ഒരു വർഷം  കോടി എന്നൊക്കെയുള്ള കണക്കുകൾ അതിശയോക്തിപരമാണെന്നതിൽ സംശയമില്ല. എന്നാലും ശബരിമലക്കും പരിസരപ്രദേശങ്ങൾക്കും താങ്ങാവുന്നതിലേറെ 'പുരുഷാര'മാണ് അവിടെ എത്തിക്കൊണ്ടിരിക്കുന്നതെന്നതിൽ സംശയമില്ല.  ഓരോ വർഷവും നടക്കുന്ന ശബരിമല തീർത്ഥാടനം ജൈവ സമ്പന്നമായ ഒരു വനമേഖലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത മാരക ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഏറെ ചർച്ചകൾ നടന്നിട്ടും ഇക്കാര്യം ഗൗരവപരമായി നാം പരിഗണിക്കുന്നതേയില്ല. ഗാഡ്ഗിൽ,  കസ്തൂരിരംഗൻ റിപ്പോർട്ടുകൾ പോലും ഇതിന് അർഹമായ പ്രാധാന്യം നൽകിയതായി തോന്നുന്നില്ല. 
വിശ്വാസത്തിന്റെയും ആചാരത്തിന്റെയുമൊക്കെ പേരിലാണല്ലോ ഇപ്പോഴത്തെ സംഘർഷമെല്ലാം നടക്കുന്നത്. സത്യത്തിൽ വിശ്വാസമനുസരിച്ചു തന്നെ ശബരിമലയിൽ ഇത്രയും തിരക്കു പാടില്ല. 41 ദിവസത്തെ വ്രതമനുഷ്ഠിച്ചും കാനന പാതയിലൂടെ സഞ്ചരിച്ചും സന്നിധാനത്തിലെത്തുന്ന ഭക്തർ വായിക്കുന്നതെന്താണ്? തത്ത്വമസി. അതു നീയാകുന്നു. ഇതു നൽകുന്ന സന്ദേശം ചെറുതല്ല. ഇത്രയും പാടുപെട്ട് എത്തിയ നീ തിരിച്ചറിയേണ്ടത് നീ തേടുന്നതെന്തോ അത് നിന്നിൽ തന്നെയുണ്ടെന്നാണ്. 
തീർച്ചയായും ആ വാക്കിൽ നീ ഇനിയും ഇങ്ങോട്ടു വരേണ്ടതില്ല എന്ന അർത്ഥം കൂടിയുണ്ട്. അതായത് തന്നെ കാണാൻ ഒരു തവണ വന്നാൽ മതി എന്നു തന്നെയാണ് അയ്യപ്പൻ പറയുന്നത്. വനസംരക്ഷണം കൂടി മുന്നിൽ കണ്ടു തന്നെയയിരിക്കണം അയ്യപ്പൻ അന്നു തന്നെ അത്തരത്തിൽ പറഞ്ഞത്. എന്നാൽ സംഭവിക്കുന്നതെന്താണ്? 50 തവണയൊക്കെ മലചവിട്ടിയ ഭക്തന്മാർ പതിനായിരക്കണക്കിനാണ്. വർഷം തോറും വർദ്ധിച്ചുവരുന്ന തിരക്കിനും പാരിസ്ഥിതിക നാശത്തിനും അതു കാരണമാകാതെ പറ്റില്ലല്ലോ.
ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം നടപ്പാക്കാൻ പോലും ഇപ്പോഴും സർക്കാർ തയ്യാറാകുന്നില്ല. അങ്ങനെ ചെയ്യുന്നതിൽ എന്തപാകതയാണുള്ളത്? ഹജ് മുതൽ തിരുപ്പതി വരെയുള്ള ആരാധനാലയങ്ങളിൽ തിരക്കു നിയന്ത്രിക്കാനായി നിയന്ത്രണമുണ്ടല്ലോ. അത്തരം സംവിധാനങ്ങൾ നടപ്പാക്കുമെന്നൊക്കെ പറയാറുണ്ടെങ്കിലും നടപ്പാക്കപ്പെടുന്നില്ല. തീർത്ഥാടനം പൂർണമായും ഓൺലൈൻ ബുക്കിംഗിലൂടെയാകണം. ഒരു ദിവസം പരമാവധി വരാവുന്നവരുടെ എണ്ണം തീരുമാനിച്ച് അതു കൃത്യമായി നടപ്പാക്കണം. പമ്പയിൽ നിന്നു പുറപ്പെട്ടാൽ 12 മണിക്കൂറിനുള്ളിലെങ്കിലും തിരിച്ചെത്താവുന്ന സംവിധാനമൊരുക്കണം. സന്നിധാനത്ത് താമസ സൗകര്യം ആവശ്യമില്ല. ഇതൊക്കെ അധികൃതരിൽ നിന്നു സ്ഥിരം കേൾക്കുന്നവ തന്നെയാണ്. പക്ഷേ നടപ്പാകാറില്ല. ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ വെളിച്ചത്തിലെങ്കിലും ആ ദിശയിലൊരു തീരുമാനമെടുത്ത് ശബരിമലയെയും പശ്ചിമഘട്ടത്തെയും അക്ഷരാർത്ഥത്തിൽ രക്ഷിക്കാനാണ് സർക്കാർ തയ്യാറാകേണ്ടത്. 
ശബരിമലയെ മാലിന്യ വിമുക്തമാക്കാനുള്ള പല പദ്ധതികളും എല്ലാ വർഷവും സർക്കാർ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ നടപ്പാകാറില്ല. നടപ്പാക്കുന്നവയാകട്ടെ ഇപ്പോഴെത്തുന്ന തീർത്ഥാടകുടെ പത്തിലൊരുപേർക്കു പോലും തികയുന്നതല്ല. പുണ്യനദിയെന്നു പുകൾ പെറ്റ  പമ്പയുടെ അവസ്ഥ ഗംഗയേക്കാൾ മോശമാണ്. ഗംഗയുടെ സംരക്ഷണത്തിനായി പരിസ്ഥിതിപ്രവർത്തകരുടെ പോരാട്ടങ്ങളും ആത്മാഹുതികളും നടക്കുമ്പോൾ ഇവിടെ അതൊന്നും കാണുന്നതേയില്ല. പമ്പയിന്ന്  കോളീഫോം ബാക്ടീരിയയുടെ കലവറയാണ്. ഓരോ വർഷവും തീർത്ഥാടന കാലത്ത് പമ്പാ നദിയിലെ മാലിന്യത്തിന്റെ തോത് വർദ്ധിക്കുന്നു. പമ്പയുടെ നാശം അവിടെയൊതുങ്ങുന്നതല്ല. അതൊഴുകിയെത്തുന്ന മദ്ധ്യതിരുവിതാംകൂറിലെയും കുട്ടനാട്ടിലെയും ജനജീവിതത്തെ കൂടിയാണ് അത് ബാധിക്കുന്നത്. 
അതുപോലെ തന്നെ പ്രധാനമാണ് വനത്തിനുണ്ടാകുന്ന നാശവും. അതേസമയം ശബരിമലയിൽ മാലിന്യം വലിച്ചെറിയുന്നവർ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ശിക്ഷാർഹരാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം തടവും 25,000 രൂപ പിഴയും ഈടാക്കാൻ വകുപ്പുള്ളതാണ് ഈ നിയമം. എന്നാൽ അതൊന്നും നടപ്പാക്കപ്പെടുന്നില്ല. 
 ഗ്രീൻ മിഷൻ ശബരിമല എന്ന പേരിൽ ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പരിപാടി ആരംഭിച്ചിട്ടുണ്ട്. പമ്പയിൽ തുണി വലിച്ചെറിയുന്നതും പമ്പ മലിനമാകുന്നതും തടയുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, മാലിന്യ ശേഖരണികളിൽ മാത്രം മാലിന്യം നിക്ഷേപിക്കുക, ജൈവ അജൈവ മാലിന്യം പ്രത്യേകം വേർതിരിച്ചെടുക്കുക തുടങ്ങിയ പദ്ധതികളാണ് മിഷൻ ഗ്രീൻ ശബരിമലയിൽ ആസൂത്രണം ചെയ്തത്. എന്നാൽ ഇതിൽ വസ്ത്രത്തിന്റെ കാര്യത്തിൽ മാത്രമാണ് അൽപമെങ്കിലും ഫലമുണ്ടായത്.  അതേസമയം പ്ലാസ്റ്റിക് ഇപ്പോഴും ഭീഷണി തന്നെ. ഓരോ തീർത്ഥാടന കാലവും അവേശേഷിപ്പിക്കുന്നത് നിരവധി പ്ലാസ്റ്റിക് മലകളാണ്. 
 പെരിയാർ, പമ്പ എന്നീ കേരളത്തിലെ രണ്ട് പ്രധാന നദികളുടെ കൈവഴികളിലേക്ക് ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നു. ഇതിനിടയിലാണ് വികസനത്തിന്റെയും സ്ത്രീപ്രവേശനത്തിന്റെയും പേരിൽ കൂടുതൽ വനം വെട്ടിവെളുപ്പിക്കാനും വിമാനത്താവളം നിർമ്മിക്കാനുമുളള നീക്കങ്ങൾ നടക്കുന്നത്. നിയന്ത്രണമാണ്, വിപുലീകരണമല്ല എന്നതു പോലും സർക്കാർ തിരിച്ചറിയുന്നില്ല. ഇന്ത്യയിലെ 48 കടുവാ സങ്കേതങ്ങളിൽ വെച്ച് വളരെ പ്രാധാന്യമുള്ള ഒന്നാണ് 925 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പെരിയാർ കടുവാ സങ്കേതം. 
വംശനാശ ഭീഷണി നേരിടുന്നതും തദ്ദേശീയവുമായ ഒട്ടേറെ സസ്യജന്തു ജാലങ്ങളുടെ കലവറയായ പെരിയാർ കടുവാ സങ്കേതത്തിന്റെ ക്രിട്ടിക്കൽ ഹാബിറ്റാറ്റിന്റെ കോർ ഏരിയയിലാണ് ശബരിമല എന്ന തീർത്ഥാടന ടൂറിസ നഗരം വളർന്നുകൊണ്ടിരിക്കുന്നത്. ഈ മേഖലയുടെ നാശത്തിനു കൂടിയാണ് ഈ വിപുലീകരണ നയങ്ങൾ കളമൊരുക്കുക. 
ആചാരങ്ങളുടെ പേരിൽ നിഷേധിക്കാവുന്ന ഒന്നല്ല സ്ത്രീനീതി. എന്നാലത് നിഷേധിക്കുന്നവർ തന്നെയാണ് ആചാരങ്ങളെയും വിശ്വാസങ്ങളെയും പരിഗണിക്കാതെ വൻതോതിലുള്ള വികസന പദ്ധതികൾ നടപ്പാക്കുന്നത്. കാനന വാസൻ എന്ന സങ്കൽപം തന്നെ അർത്ഥരഹിതമാക്കുന്ന നടപടി അവസാനിപ്പിച്ച്, തീർത്ഥാടകരുടെ എണ്ണം നിയന്ത്രിച്ച് ശബരിമലയും സമീപപ്രദേശങ്ങളും സംരക്ഷിക്കാനുള്ള നടപടികളാണ് അടിയന്തരമായി സ്വീകരിക്കേണ്ടത്. 

 

Latest News