ഗോവ മുഖ്യമന്ത്രി പരീക്കറുടെ രോഗം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പനാജി- ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അര്‍ബുദ ബാധിതനാണെന്നും അദ്ദേഹത്തിന് വീട്ടില്‍ ചികിത്സ തുടരുകയാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ വെളിപ്പെടുത്തി. പാന്‍ക്രിയാസിനാണ് അസുഖമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും മുഖ്യമന്ത്രി പാന്‍ക്രിയാസ് ക്യാന്‍സര്‍ ബാധിതനാണെന്ന് ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
വടക്കന്‍ ഗോവയിലെ അല്‍ഡോണയില്‍ എമര്‍ജന്‍സി കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യമന്ത്രി വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.
പരീക്കര്‍ തന്നെയാണ് ഗോവ മുഖ്യമന്ത്രി. പക്ഷേ അദ്ദേഹത്തിനു സുഖമില്ല. പാന്‍ക്രിയാസ് ക്യാന്‍സര്‍ ബാധിച്ചിരിക്കയാണ്- മന്ത്രി പറഞ്ഞു. ദല്‍ഹി എയിംസില്‍നിന്ന് തിരികെ എത്തിച്ച അദ്ദേഹം ഇപ്പോള്‍ വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയുകയാണ്. അദ്ദേഹത്തെ കുടുംബത്തോടൊപ്പം സമാധാനത്തോടെ കഴിയാന്‍ അനുവദിക്കണം. അത് അദ്ദേഹത്തിന്റെ അവകാശമാണ്. ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല- മന്ത്രി പറഞ്ഞു.
മനോഹര്‍ പരീക്കറുടെ അഭാവം ഭരണത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ഞാന്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം പോലും ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ വെറുതെ വിടണം- ആരോഗ്യമന്ത്രി പറഞ്ഞു.
പരീക്കറുടെ ആരോഗ്യ നില വെളിപ്പെടുത്തണമെന്നും മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഏതാനും ദിവസമായി സമ്മര്‍ദം ശക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അസുഖം ഭേദമായെന്ന് അവകാശപ്പെടുന്ന ബി.ജെ.പി അദ്ദേഹം നടക്കുന്നതിന്റെ ഒരു വിഡിയോ എങ്കിലും പുറത്തുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

 

Latest News