മസാജ് കൊതിച്ചവരുടെ വിഡിയോ പകര്‍ത്തി മൂന്ന് ലക്ഷം തട്ടി; പോലീസുകാരന് സസ്‌പെന്‍ഷന്‍

മംഗളൂരു- നഗ്നവീഡിയോ പകര്‍ത്തി മൂന്നു ലക്ഷം രൂപ തട്ടിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഗണേശിനെ സിറ്റി പോലീസ് കമ്മിഷണര്‍ ടി.ആര്‍.സുരേഷ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മസാജ് പാര്‍ലറിലെത്തിയ രണ്ടുപേരുടെ നഗ്നവീഡിയോ പകര്‍ത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒരു യുവതിയടക്കം ആറുപേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ യുവതിയുമായി പോലീസ് ഉദ്യോഗസ്ഥനു ബന്ധമുണ്ടെന്നു തെളിഞ്ഞതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. യുവതി ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പര്‍ ഗണേശിന്റെ പേരില്‍ എടുത്തതായിരുന്നു. തനിക്ക് പരിചയമുള്ള യുവതിക്ക് ഉപയോഗിക്കാനായി സിം നല്‍കിയെന്നായിരുന്നു ഗണേശിന്റെ വാദം.
മസാജ് പാര്‍ലറുണ്ടെന്ന് പറഞ്ഞ്  രണ്ടു പേരെ മേരിഹില്ലിലെ സ്വന്തം വീട്ടിലെത്തിച്ചാണ് യുവതി കുടുക്കിയത്.  വീട്ടിലെത്തിയ ഇരുവരും വസ്ത്രമഴിച്ചപ്പോള്‍ ഒരു യുവാവ് വീട്ടിലെത്തി വിഡിയോ ചിത്രീകരിച്ചു.
ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. മാനഹാനി ഭയന്ന് ഇരുവരും മൂന്നുലക്ഷം രൂപ കൈമാറി. കഴിഞ്ഞ മാര്‍ച്ച് 20- ന് നടന്ന സംഭവത്തില്‍ ഇരുവരും കഴിഞ്ഞയാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്.

 

Latest News