Sorry, you need to enable JavaScript to visit this website.

ട്വീറ്റ് സൈനികര്‍ക്ക് നാണക്കേടായി; മന്ത്രാലയ വക്താവിനെ മാറ്റി

ന്യൂദല്‍ഹി- സൈന്യത്തേയും സൈനികരേയും അവഹേളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയ വക്താവിന് നിര്‍ബന്ധിത അവധി നല്‍കി. പ്രതിരോധ മന്ത്രാലയത്തിലെ വക്താവ് അവധിയില്‍ പോയെന്നും ആക്ടിംഗ് ഔദ്യോഗിക വക്താവായി കേണല്‍ അമന്‍ ആനന്ദ് ചുതലയേറ്റുവെന്നും മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് അറിയിച്ചത്.
ധീരതക്കുള്ള അവാര്‍ഡ് ജേതാവായ മുന്‍ നാവിക സേനാ മേധാവി അഡ്മറില്‍ അരുണ്‍ പ്രകാശ് നടത്തിയ പരാമര്‍ശത്തിന് വക്താവ് നല്‍കിയ മറുപടിയാണ് വിവാദത്തിനും നടപടിക്കും കാരണമായത്.
വെസ്റ്റേണ്‍ കമാന്‍ഡില്‍ സാമ്പത്തിക കാര്യ ഉപദേഷ്ടാവായി നിയമിതനായ ഉദ്യോഗസ്ഥന്‍ കാറിന്റെ ബോണറ്റില്‍ പാതക ഉപയോഗിച്ചത് ചോദ്യം ചെയ്ത് പോസ്റ്റ് ചെയ്ത ട്വീറ്റാണ് വിവാദത്തിന് തുടക്കം കുറിച്ചത്.
കേസെടുക്കാവുന്ന കുറ്റമല്ലെങ്കില്‍ പോലും ഉദ്യോഗസ്ഥന്‍ ശാസിക്കപ്പെടണമെന്ന് മുന്‍നാവിക സേനാ മേധാവി അഡ്മറില്‍ അരുണ്‍ പ്രകാശ് ഇതിനോട് പ്രതികരിച്ചു. തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ചര്‍ച്ചയില്‍ ഇടപെട്ടത്.
ഔദ്യോഗിക ജീവത കാലത്ത് വീടുകളില്‍ ജവാന്മാരെ ദുരുപയോഗം ചെയ്തതിനെ കുറിച്ച് എന്താണ് പറയാനുള്ള സാര്‍ എന്നാണ് വക്താവ് മുന്‍ നാവിക സേനാ മേധാവിയോട് ചോദിച്ചത്. സൈനിക വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? സര്‍ക്കാര്‍ വാഹനങ്ങളില്‍ മാഡം ഷോപ്പിംഗിനും അവസാനിക്കാത്ത പാര്‍ട്ടികള്‍ക്കും പോകുന്നത് ആരുടെ ചെലവിലാണ്? എന്നീ ചോദ്യങ്ങളും വക്താവ് ഉന്നയിച്ചു.
വിമുക്ത ഭടന്മാരില്‍നിന്ന് വലിയ പ്രതിഷേധമാണ് തുടര്‍ന്നുണ്ടായത്. മുന്‍ സൈനിക മേധാവിയോട് പ്രതിരോധ മന്ത്രാലയ വക്താവ് ഇങ്ങനെ പെരുമാറയത് നാണക്കേടാണെന്ന് മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹാദൂര്‍ ട്വീറ്റ് ചെയ്തു.
വക്താവിന്റെ പരാമര്‍ശങ്ങളോട് മുന്‍ നാവിക സേനാ മേധാവി അരുണ്‍ പ്രകാശ് നേരിട്ട് പ്രതികരിച്ചില്ലെങ്കിലും നടപടിക്ക് പ്രതിരോധ മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു.

 

Latest News