തിരുവനന്തപുരം- പോൾ വാൾട്ടിൽ രണ്ടു വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് സ്വന്തം പേരിലാക്കി സി.എ മുഹമ്മദ് ബാസിം. പാലക്കാട് കല്ലടി എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ബാസിം 4.06 മീറ്റർ ചാടിയാണ് പുതിയ ഉയരം കുറിച്ചത്. 2016 ൽ കോതമംഗലം മാർ ബേസിലിന്റെ അനീഷ് മധു സ്ഥാപിച്ച 4.05 മീറ്ററാണ് ബാസിം തിരുത്തിയത്. 4.10 ആക്കാനുള്ള ബാസിമിന്റെ പരിശ്രമങ്ങൾ പരാജയപ്പെട്ടു. കഴിഞ്ഞ വർഷം ഡിസ്‌കസ് ത്രോയിലായിരുന്നു ബാസിമിന്റെ പരിശ്രമം. സംസ്ഥാനത്ത് ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. കല്ലടി സ്‌കൂളിലെ പരിശീലകൻ രാമചന്ദ്രൻ മാഷാണ് പോൾ വാൾട്ടിലേക്ക് തിരിയാൻ നിർദേശിച്ചത്. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം പാലാ ജംപ്‌സ് അക്കാദമിയിലെത്തി. ലോക സ്‌കൂൾ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് നിവ്യയെ ഉൾപ്പെടെ പരിശീലിപ്പിച്ച സതീഷ് കുമാറിന് ബാസിമിന്റെ കഴിവ് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. ഒരു വർഷത്തെ പരിശീലനത്തിനുള്ളിൽ തന്നെ ശിഷ്യന് ഈ നേട്ടം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ അധ്യാപകൻ. പരിശീലനത്തിനും പഠനത്തിനും എല്ലാ പ്രോത്സാഹനവും നൽകുന്ന കല്ലടി സ്‌കൂൾ മാനേജർ സെയ്താലിക്കുട്ടിക്കാണ് മുഹമ്മദ് ബാസിമും കുടുംബവും വിജയം സമർപ്പിക്കുന്നത്.