Sorry, you need to enable JavaScript to visit this website.

നിഷാദ് അവിഹിത ബന്ധത്തിന്റെ ഇര; ക്വട്ടേഷന്‍ ഉറപ്പിച്ചത് ഗള്‍ഫില്‍

കൊല്ലപ്പെട്ട നിഷാദിന്റെ മാതാപിതാക്കള്‍. ഇന്‍സെറ്റില്‍ നിഷാദ്

മൊഴിപ്പകര്‍പ്പിനായി ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവില്‍  


തലശ്ശേരി- മമ്പറം പറമ്പായി സ്വദേശിയും ബി.ജെ.പി പ്രവര്‍ത്തകനുമായിരുന്ന പി.നിഷാദിനെ കൊലപ്പെടുത്തിയെന്ന ബംഗളൂരു സ്ഥോടന കേസിലെ പ്രതി പറമ്പായി സലീമിന്റെ മൊഴിയുടെ പകര്‍പ്പ് ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ബംഗളുരുവിലെത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി യു.പ്രേമന്റെ നിര്‍ദേശ പ്രകാരം സി.ഐ സനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളുരുവിലെത്തിയത.് മൊഴിയുടെ പൂര്‍ണ രൂപം കര്‍ണാടക പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കും. ഇതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം. ഇതിനിടെ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട നിഷാദിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിക്കാന്‍ നീക്കം നടത്തുന്നുണ്ട.്
നിഷാദിനെ കൊലപ്പെടുത്താന്‍ സലീമിന്റെ സഹായിച്ചുവെന്ന് പറയുന്ന മജീദ് പറമ്പായി ഒളിവിലാണ്. മജീദിന്റെ പങ്കിനെക്കുറിച്ച് സലീം കര്‍ണാടക പോലീസിന് വിവരം നല്‍കുന്നതിന് മുമ്പേ മജീദ് നാട്ടില്‍ നിന്ന് മുങ്ങിയതായാണ് വിവരം. സലീമിനെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം മജീദ് പറമ്പായി നാട്ടില്‍നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. മജീദിന് പുറമെ നിഷാദിന്റെ കൊലപാതകത്തില്‍ പങ്കുള്ളവരെക്കുറിച്ചും സലീം കര്‍ണ്ണാടക പോലീസിന് മൊഴി നല്‍കിയിട്ടുണ്ട.് ഇതിന്റെ പൂര്‍ണ രൂപം ലഭിച്ച ശേഷം മാത്രമേ ക്രൈംബ്രാഞ്ച് മറ്റ് അന്വേഷണങ്ങളിലേക്ക് കടക്കുകയുള്ളൂ. അന്വേഷണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി യു.പ്രേമന്‍ തയ്യാറായില്ല.
നിഷാദിനെ കൊലപ്പെടുത്താന്‍ 25 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ഉറപ്പിച്ചത് ഗള്‍ഫില്‍ വെച്ചാണെന്ന മൊഴിയും പുറത്തു വന്നിട്ടുണ്ട്. കൂത്തുപറമ്പിലെ ഒരു സ്ത്രീയുമായുള്ള അവിഹിത ബന്ധമാണ് നിഷാദിനെ കൊലപ്പെടുത്താന്‍ ഇടയായതെന്നാണ് വിവരം. യുവാവിനെ കൊലപ്പെടുത്തിയത് എരഞ്ഞോളി കണ്ടിക്കല്‍ ശ്്മശാനത്തിന് സമീപത്ത് വെച്ചാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട.് ആളൊഴിഞ്ഞ സ്ഥലത്ത് നിഷാദിന്റെ മൃതദേഹം കുഴിച്ചിട്ടെന്നാണ് സലീം നല്‍കിയ മൊഴി. കണ്ടിക്കലിലെ മിനി വ്യവസായ എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മമ്പറം മയിലുള്ളിമെട്ട  സ്വദേശി രാഘവന്റെ കൊലപാതകവും ഈ അവസരത്തില്‍ പുനരന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട. സലീമിന്റെ വെളിപ്പെടുത്തലോടെ രാഘവന്റെ കൊലപാതകവും നിഷാദ് കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാഘവന്റെ കൊലപാതകത്തില്‍ ഒരു അന്യ സംസ്ഥാന തൊഴിലാളിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത.് ഇത് യഥാര്‍ഥ പ്രതിയല്ലെന്ന് ബന്ധുക്കളും നാട്ടുകാരും അന്ന് തന്നെ പരാതിപ്പെട്ടിരുന്നു.

2005 ല്‍ കളമശ്ശേരിയില്‍ വെച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ച കേസിലും സലീം പ്രതിയാണ്. നിഷാദ് കൊലക്കേസില്‍ സലീമിന്റെ കൂട്ടു പ്രതിയെന്ന് സംശയിക്കുന്ന മജീദും കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മദനിക്കൊപ്പം പ്രതിപട്ടികയിലുള്‍പ്പെട്ടിരുന്നു.
2012 ഒക്‌ടോബര്‍ 21 നാണ് നിഷാദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത. രാത്രി വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ആരോ വന്ന് വിളിച്ചതിനെ തുടര്‍ന്ന് നിഷാദ് പുറത്തേക്ക് പോകുകയായിരുന്നു. തന്നെ ആരോ അന്വേഷിക്കുന്നതായി അമ്മയോട് പറഞ്ഞാണ് യുവാവ് വീട്ടില്‍നിന്ന് ഇറങ്ങിയത്.

സ്വകാര്യ ബസ് ജീവനക്കാരാനായ നിഷാദിന് സാമ്പത്തികമായി ഉന്നത സ്ഥിതിയിലുള്ള കുടുംബത്തിലെ സ്ത്രീയുമായുള്ള അടുത്ത ബന്ധമാണ് കൊലപാതകത്തിന് കാരണമായെതന്നാണ് ഇപ്പോള്‍ പുറത്തു വന്ന വിവരം. നിഷാദിന്റെ തിരോധാനം സംബന്ധിച്ച് ആദ്യം കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല. തീവ്രവാദ ബന്ധം ആരോപിച്ച് ബി.ജെ.പി പ്രക്ഷോഭം നടത്തുകയും നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടരുകയും ചെയ്തിരുന്നു. 2013 മെയ് 17ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മാറി മാറി വന്നിട്ടും പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചിരുന്നില്ല.
ബംഗളുരു സ്ഥോടന കേസിലെ 20-ാം പ്രതിയായ സലീമിനെ ഒക്‌ടോബര്‍ 20നാണ് പറമ്പായിലെ വീട്ടില്‍ വെച്ച് കേരള പോലീസിന്റെ സഹായത്തോടെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളുരു സ്ഥോടന കേസിെല മുഖ്യപ്രതിയായ തടിയന്റവിടെ നസീറിന് ബോംബ് നിര്‍മിക്കാന്‍ സ്ഥോടക വസ്തുക്കള്‍ എത്തിച്ച് നല്‍കിയതും കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയതും  സലീമായിരുന്നു. 2008 ജൂലായ് 25ന് ബംഗളുരുവില്‍ എട്ടിടങ്ങളിലായി നടന്ന സ്ഥോടന പരമ്പരയില്‍ പി.ഡി.പി ചെയര്‍മാനായിരുന്ന അബ്ദുന്നാസര്‍ മദനി അടക്കം 32 പ്രതികളാണുണ്ടായിരുന്നത. കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചെങ്കിലും ഒമ്പത് പ്രതികളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

 

 

Latest News