Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭിന്നലിംഗ, 'മി ടൂ', പേടിക്കാലം!

കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം -എന്നെഴുതിയ കുഞ്ചൻ നമ്പ്യാർ ഭൂതം - വർത്തമാനം - ഭാവി കാലങ്ങളെ ഒന്നുപോലെ മനസ്സിൽ കണ്ടിരുന്നു. നമ്പ്യാരാശാന്റെ കാലത്ത് മുഴുത്തു കുടവും ചേങ്ങിലയും മദ്ദളവുമൊക്കെയുണ്ടായിരുന്നു. സി.ബി.ഐയും ഫ്രാങ്കോ മുളയ്ക്കലുമൊന്നും അന്ന് മുളച്ചുതുടങ്ങിയിരുന്നില്ല. ഇന്ന് സമൂഹത്തിൽ ശബ്ദം പൊങ്ങുന്നത് മല കയറ്റമാണ് പ്രശ്‌നമെങ്കിൽ, കേരളം മുതൽ ജലന്ധർ വരെ ഫ്രാങ്കോയും മരിച്ചുപോയ ഫാദർ കാട്ടുതറയുമാണ് വിഷയം. ദില്ലിയിൽ സി.ബി.ഐ തന്നെ ലീഡ് ചെയ്യുന്നു. അവിടെ ഗുസ്തി ഡയറക്ടർ 'അലോകും' സ്‌പെഷ്യൽ ഡയറക്ടർ അസ്താനയും തമ്മിൽ. എല്ലാവരും വെള്ളിവെളിച്ചത്തിലേക്കു ചാടി വീണ് ശോഭയും ദുർഗന്ധവും ഒന്നുപോലെ പരത്തുന്ന കാലമാണ്. കാലം മാറുന്നതനുസരിച്ച് ഭരണത്തെ പ്രീതിപ്പെടുത്തുന്ന ആസ്ഥാന ഗായകരല്ല സി.ബി.ഐ എന്നു പല തവണ തെളിയിച്ചതാണ്. പക്ഷേ 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് പ്രശസ്ത കാർട്ടൂണിസ്റ്റ് അവർക്കിട്ടൊന്നു താങ്ങി. സി.ബി.ഐയും സി.പി.ഐയും കൂടെയുള്ളപ്പോൾ തങ്ങൾ ശക്തരും സുരക്ഷിതരുമാണെന്നായിരുന്നു പൊരുൾ. സി.പി.ഐക്ക് സോവിയറ്റ് ലൈൻ അനുസരിക്കാതെ അന്നു തരമില്ല. എതിർത്താൽ അന്നം മുട്ടും. സി.ബി.ഐക്കോ, കാര്യം 'അടിയന്തര'മായതിനാൽ ഭരണകക്ഷിയെ നിലനിർത്തിയേ കഴിയൂ. പിന്നീട് ഇപ്പോഴാണ് കൊള്ളാവുന്ന ഒരു വിവാദം തലയ്ക്കു മേൽ വന്നുവീണത്. പ്രധാൻമന്ത്രിജി ഇരുകൂട്ടരെയും വിളിപ്പിച്ചു. പ്രശ്‌ന പരിഹാരം നറുക്കിടേണ്ടിവരും. പ്രിയപ്പെട്ടവൻ 25 ലക്ഷത്തിന്റെ കൈക്കൂലി ചോദിച്ചതിന്റെ പേരിൽ കൈകാലുകളിൽ ചെളിപുരണ്ടു നിൽപാണ്. നറുക്കിട്ടെടുത്താലുള്ള ഗുണം, എല്ലാ നറുക്കുകളിലും ഒരേ പേരു തന്നെ എഴുതിച്ചുരുട്ടി ഇടാമെന്നതാണ്. കാര്യം ഗോപ്യവും മംഗളവുമാകും.
മുളയ്ക്കലിന്റെ കാര്യം നമ്പ്യാരാശാന്റെ മേൽപടി കവിതയിലെ രണ്ടാം പദമാണ്. അതു ധനത്തെയും സ്വർണത്തെയുംകാൾ അപകടകാരി. ഇനിയും 'മി ടൂ' എന്നു പറഞ്ഞ് കന്യകമാരോ കന്യാസ്ത്രീകളോ കടന്നുവരാതിരുന്നാൽ ഭാഗ്യം. ഫാദർ കാട്ടുതറയുടെ 'സ്വാഭാവിക മരണം' നിമിത്തം ആദ്യ ഫാദറിന് ലേശം ആശ്വാസം മുളച്ചുതുടങ്ങിയിട്ടുണ്ട്. നന്നായി! മാടത്തരുവി കൊലക്കേസ് മുതൽ പരിശുദ്ധ ഫാദറന്മാരെ ഉപദ്രവിക്കാൻ തുടങ്ങിയ സമൂഹമാണ്. കൂടെയുള്ള സഭാ വസ്ത്രക്കാരെങ്കിലും കരുണ കാട്ടേണ്ടതാണ്.

****                     ****                      ****

എന്നും ഓരോ വെടി പൊട്ടിച്ചില്ലെങ്കിൽ മനഃസമാധാനത്തോടെ വീട്ടിലേക്കു മടങ്ങാൻ കഴിയാത്ത ദേഹമാണ് പി.എസ്. ശ്രീധരൻ പിള്ള വക്കീൽ. അങ്ങനെയൊരു പ്രവൃത്തി ചെയ്തില്ലെങ്കിൽ, ഏറ്റുമാനൂർ രാധാകൃഷ്ണനോ, കൃഷ്ണദാസോ, ശശികല ടീച്ചറോ, ശോഭാ സുരേന്ദ്രനോ, സാക്ഷാൽ കെ. സുരേന്ദ്രനോ എന്തെങ്കിലും പൊട്ടിച്ച് 'സ്റ്റാറാകും' ഒരിക്കൽ 'സ്റ്റാർഡം'  നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കുക ബുദ്ധിമുട്ടാണ്. സംശയമുള്ളവർക്ക് സിനിമാ സ്റ്റാറുകളെ ശ്രദ്ധിച്ചാലറിയാം. പടം പത്തു നിലയിൽ പൊട്ടി പാളീസായാലും അടുത്ത പടം ഇറക്കാൻ മടിയുണ്ടാകില്ല. അല്ലെങ്കിൽ ഫീൽഡിൽ നിന്നും ഔട്ട്! അത് കവിയായ പി.എസ്. വെൺമണിക്കറിയാം, സംസ്ഥാന നേതാവായതിനു ശേഷം ശ്രീധർജിക്കറിയാം. വക്കീൽ ശ്രീധരൻ പിള്ളയ്ക്ക് ശരിക്കറിയാമോന്നും സംശയം. കാരണം ട്രാൻസ്‌ജെന്റേഴ്‌സിനെ തൊട്ടാണ് കളിച്ചത്. അറിഞ്ഞുകൊണ്ടു തൊട്ടതല്ല.  വൈക്കം ബഷീറിന്റെ ആനവാരി രാമൻ നായർ മൺവെട്ടിയുമായി ചാണകം കോരാൻ പോയതാണ്. പക്ഷേ, ചാണകക്കൂമ്പാരമല്ല, സംഗതി ആന വിശ്രമിക്കാൻ കിടന്നതായിരുന്നു. കോൺഗ്രസിന്റെയും ദേവസ്വം ബോർഡിന്റെയും മല കയറ്റ നയം അഥവാ സ്ത്രീ പ്രവേശനം നയം 'നപുംസക'മാണെന്നാണ് പിള്ള പറഞ്ഞത്. പിള്ളമനസ്സിൽ കളളമില്ലാത്തതുകൊണ്ട് കാര്യം സത്യമായി തന്നെ പറഞ്ഞു. പക്ഷേ സാക്ഷര കേരളമാണ്. ഭിന്നലിംഗക്കാരും പത്രം വായിക്കും. ടി.വിയും കാണുന്നുണ്ട്. നപുംസക പ്രയോഗം നടത്തി തങ്ങളെ അപമാനിച്ച പിള്ളയുടെ 'വക്കീൽ എൻറോൾമെന്റ്' എടുത്തു കളയണമെന്നാണ് അവർ ആവശ്യപ്പെട്ടത്.
 'ബില്ലു'കാർക്കിടയിലെ 'ഭിന്നലിംഗ'ക്കാരനായി അദ്ദേഹത്തെ മാറ്റാൻ കഴിയുമെന്ന് ധരിച്ചിട്ടാണോ എന്തോ! 2014 ലെ സുപ്രീം കോടതി വിധിക്കെതിരെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നാണ് കണ്ടുപിടിത്തം. അദ്ദേഹം സുപ്രീം കോടതി വരെ എത്തിയിട്ടില്ലെന്ന് കക്ഷികൾ മനസ്സിലാക്കിയില്ല. ഓരോ വെടിപൊട്ടിച്ച ശീലമേയുള്ളൂ. അതിനിത്ര ബേജാറാകേണ്ട കാര്യമില്ല. ചില വെടികൾ ഉണ്ടായിട്ടില്ലാത്തവയായിരിക്കും. അല്ല, പിള്ള വക്കീലിന്റെ മിക്കവാറും എല്ലാ വെടികളും അങ്ങനെ തന്നെ. വിട്ടുകള ഭിന്നലിംഗ സഹോദരീ സഹോദരന്മാരെ!

****                          ****                       ****

'മി ടൂ' പ്രശ്‌നം ഏതു വരെയായി എന്നു ചോദിക്കാൻ വരട്ടെ, 'അനന്തമജ്ഞാതമവർണനീയം' എന്നു പറയാനുള്ള വക അതിലുണ്ട്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, 'ഇനി നാളെയുമെന്തെന്നറിഞ്ഞീല' എന്ന പൂന്താനം വരി പോലെ അത് അനന്തമായി നീളാൻ തന്നെയാണ് സാധ്യത. ആഫ്രിക്കൻ പായൽ എവിടെയാണ് മുളച്ചുപൊന്തുന്നതെന്ന് ആർക്കെങ്കിലും പ്രവചിക്കാൻ കഴിയുമോ? ഇല്ല, അമേരിക്കൻ പ്രസിഡന്റായാലും അത്താഴക്കഞ്ഞിക്ക് വകയില്ലാത്തവനായാലും 'മി ടൂ'വിന്റെ കയ്യിൽ പെടാൻ ഒരു നിമിഷാർദ്ധം പോലും വേണ്ടിവരില്ല. പണ്ടൊക്കെ പീഡനം ഒരു അവകാശമായിരുന്നു. അറുപതു വർഷം മുമ്പ്, ഒരു തമിഴ് ചിത്രത്തിലെ 'രാജകുമാരി'യെപ്പോലെ വിലസിയ നായികയെ നിർമാതാവ് പീഡിപ്പിച്ച കഥ ലോകമറിഞ്ഞത് ഇങ്ങനെ:- പടം പൂർത്തിയായി, പക്ഷേ പ്രതിഫലം പൂർണമായും കിട്ടിയില്ല. നടി ആളെ പറഞ്ഞയച്ചു. ങേഹേ!  നിർമാതാവ് 'പാലം കുലുങ്ങിയാലും കുലുങ്ങാത്ത' 'കേള'നായി മാറി. അങ്ങോരുടെ രണ്ടാം നിലയിലെ ആപ്പീസിൽ ഒറ്റയ്ക്കു ചെന്നു കാണണം. രണ്ടു ദിവസം പിടിച്ചുനിന്നു. മൂന്നാം ദിനം നാരി അബലയായതുകൊണ്ടും അന്ന് വിമെൻ ഇൻ കലക്ടീവ് ജനിച്ചിട്ടില്ലാത്തതുകൊണ്ടും നടി രണ്ടാം നിലയിലേക്കു കയറിച്ചെന്നു. രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ പ്രതിഫലം 'കാഷ്' ആയി കയ്യോടെ ലഭിച്ചു. സംഗതി ആരോടും പറഞ്ഞില്ല. പക്ഷേ 'അരമന രഹസ്യം അങ്ങാടിപ്പരസ്യമായി. കേസും വഴക്കും വക്കാണവുമൊന്നുമില്ല. അല്ലെങ്കിൽ തന്നെ, നിങ്ങളിൽ പാപമില്ലാത്തവരായി ആരുണ്ട്. എന്ന് ഇനി ദിലീപോ മുകേഷോ അലൻസിയറോ ചോദിച്ചിട്ടുവേണോ നാടറിയാൻ? ഇനി പുരുഷന്മാരും 'മി ടൂ' സംഘടിപ്പിക്കുന്ന കാലം വരില്ലെന്നു പറയാൻ കഴിയില്ല.

****                   ****                   ****

എത്ര ദീർഘ വീക്ഷണത്തോടെയാണ് രമേശ് ചെന്നിത്തലജി ഓരോ പ്രസ്താവനകൾ തട്ടിക്കൂട്ടുന്നത്! കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ മുഖ്യമന്ത്രിക്കു ചൊവ്വാഗ്രഹത്തിലേക്കു താമസം മാറ്റേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ! അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോൾ പോലും മറ്റാർക്കും സി.പി.എമ്മിന്റെ ചുമതല കൊടുത്തു ഭാഗ്യം പരീക്ഷിക്കാതിരുന്ന പിണറായിയെക്കുറിച്ചാണ് പ്രസ്താവന. അദ്ദേഹം കേരളീയരെ നവോത്ഥാനത്തെക്കുറിച്ച് പഠിപ്പിക്കേണ്ട എന്ന് രമേശ്ജി. വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങൾ കോൺഗ്രസിന്റേതായിരുന്നു. 
പി. കൃഷ്ണപിള്ളയും എ.കെ.ജിയും അതിൽ സന്നദ്ധ പ്രവർത്തകർ മാത്രമായിരുന്നു. ശരിക്കു പഠിക്കാത്തതാണ് പിണറായിക്കു പറ്റിയ അബദ്ധം. വല്ലതും സമാധാനത്തോടെയിരുന്നു പഠിക്കണമെങ്കിൽ ചൊവ്വയിൽ ഒരു വീട് ഇപ്പോഴേ തന്നെ ബുക്കു ചെയ്യുക. ഇവിടെ പഠിത്തം നടപ്പില്ല. രാഷ്ട്രീയക്കാരനായതിനാൽ അതിന്റെ ആവശ്യവുമില്ല. പക്ഷേ, പ്രസ്താവന ചെയ്യാതെ ജീവിക്കുവാൻ കഴിയില്ലല്ലോ. ഓക്‌സിജനു തുല്യമാണ് സംഗതി. ഈ ടേം കഴിഞ്ഞാൽ പിണറായിക്കു ചൊവ്വയിലേക്കു പോകാൻ ധാരാളം സമയം കിട്ടുമെന്നാണ് ചെന്നിത്തലജിയുടെ കണക്കുകൂട്ടൽ. നാസയിൽ ചെന്ന് ഒരു സീറ്റ് അടുത്ത  ഉപഗ്രഹത്തിൽ ബുക്ക് ചെയ്യുക. കോൺഗ്രസ് - ബി.ജെ.പിക്കാരിലും ഭൂരിപക്ഷം നേതാക്കൾ അതിനു രഹസ്യമായി തയാറെടുക്കുന്നുണ്ട്. സരിതയും മി ടൂവുമൊക്കെ നിമിത്തം പൊരുതിമുട്ടിയിട്ടാണ്. ഇന്ത്യ മുഴുവനും അതൊക്കെയല്ലേ കേൾക്കുന്നത്!

Latest News