Sorry, you need to enable JavaScript to visit this website.

നവകേരള നിർമിതിയും  പ്രവാസികളും

കേരളത്തിന് ഒരു വികസന സംസ്‌കാരമുണ്ടായിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ പ്രേരകശക്തി പ്രവാസികളാണെന്ന് നിസ്സംശയം പറയാം. വാണിജ്യം, വ്യവസായം, വിദ്യാഭ്യസം, സാംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും അതു പ്രതിഫലച്ചിട്ടുണ്ട്. ജീവകാരുണ്യ രംഗത്ത് പകരം വെക്കാനാവാത്ത വിധത്തിലുള്ള കാരുണ്യ സ്പർശമാണ് പ്രവാസികളിൽ നിന്നുണ്ടായിട്ടുള്ളത്. എല്ലാ അർഥത്തിലും കേരളത്തിന്റെ ചാലക ശക്തിയാന്ന് പ്രവാസികൾ. അങ്ങനെ  മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സർവ മേഖലകളിലും പ്രവാസികളുടെ പ്രകടമായ സാന്നിധ്യം കേരളത്തിൽ കാണാനാവും. 
അതിഭീകരമായ പ്രളയക്കെടുതി നേരിട്ടപ്പോഴും അകലെ നിന്നും പ്രവാസികൾ തങ്ങളുടെ സാന്നിധ്യം അടുത്തറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങളിൽ കേരള ജനതക്കൊപ്പം നിന്ന് കൈമെയ് മറന്ന് സഹായിച്ചു. പ്രവാസ ലോകത്തു നിന്നുമെത്തിയ സഹായങ്ങൾ ആവശ്യത്തിലുമേറെ ആയതിനാൽ ഇന്നും പൂർണ തോതിൽ വിതരണം ചെയ്യാനാവാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. വെള്ളപ്പൊക്ക കെടുതിയുടെ രൂക്ഷതയിൽനിന്ന് ലോകത്തെ അത്ഭുതപ്പെടുത്തി കേരളത്തിനു കരകയറാനായത് ഈ സഹകരണ മനോഭാവമായിരുന്നു. മതേതര കാഴ്ചപ്പാടായിരുന്നു. ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും കേരളമെന്ന വികാരം മലയാളികൾക്കുള്ളിടത്തോളം ഏതു പ്രതിസന്ധിയെയും അതിജീവിക്കാനാവുമെന്നതിന് തെളിവുകൂടിയായിരുന്നു ഇത്. 
ഈ വികാരമാണ് നവകേരള സൃഷ്ടിക്കായുള്ള മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം വിജയകരമാക്കിയത്. ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര സർക്കാർ ഒരു സംസ്ഥാന സർക്കാരിനോട് പുലർത്തേണ്ട സാമാന്യ മര്യാദ പോലും പുലർത്തില്ലെന്ന് ബോധ്യമായ സാഹചര്യത്തിൽ പ്രവാസികളിലാണിപ്പോൾ സംസ്ഥാന സർക്കാർ കൂടുതൽ ആശ്രയം കണ്ടെത്തിയിട്ടുള്ളത്. കേരളം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത നാശനഷ്ടങ്ങളാണ് പ്രളയത്തിൽ നേരിട്ടത്. 25,000 കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടന്നാണ് പ്രാഥമിക നിഗമനം. ഈ നഷ്ടം നികത്താൻ കേന്ദ്ര സഹായം കൊണ്ടോ, സംസ്ഥാന സർക്കാരിനെ കൊണ്ടോ ആവില്ല. കേന്ദ്ര സഹായത്തിന് പതിമിതികളുണ്ട്. അങ്ങനെ വരുമ്പോൾ വിദേശ സഹായം തേടലാണ് അതിനു ഫലപ്രദമായിട്ടുള്ളത്. പ്രളയവും പ്രളയകാലത്ത് കേരളം സ്വീകരിച്ച നയനിലപാടുകളും ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ടു തന്നെ കേരളത്തെ സഹായിക്കാൻ ഒട്ടേറെ വിദേശ രാജ്യങ്ങളാണ് രംഗത്തു വന്നത്. ആ സഹായം സ്വീകരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ കേരളം മറ്റൊരു കേരളമാവുമായിരുന്നു. എന്നാൽ വിദേശ സഹായം രാജ്യത്തിന്റെ സൽപേരിന് ഭംഗം ഉണ്ടാക്കുമെന്ന കാരണം പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു, വിവിധ രാജ്യങ്ങളിലുള്ള മലയാളികളെ നേരിൽ കണ്ട് ഫണ്ട് സ്വരൂപിക്കാനുള്ള അനുമതി തേടിയപ്പോൾ മുഖ്യമന്ത്രി ഒഴികെ മന്ത്രിമാരുടെ യാത്രാനുമതി നിഷേധിച്ചും അതിനു തടസ്സം നിന്നു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ വേളകളിൽ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന അനുമതി പോലും കേരളത്തിനില്ലെന്നു വന്നാൽ അതു കേരളത്തോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മ നയം തന്നെയാണ്. ഈ നിലപാട് ഒരു ഫെഡറൽ സംവിധാനത്തിന് യോജിച്ചതല്ലെന്നതിൽ സംശയമില്ല. ഗൾഫിലെത്തിയ മുഖ്യമന്ത്രി തുറന്നു പറഞ്ഞതും ഇതു തന്നെയാണ്. ഇതുവരെ കേന്ദ്ര സഹായം പ്രതീക്ഷിച്ച് അനുഭാവപൂർവ നിലപാടു തുടർന്ന മുഖ്യമന്ത്രി അതിനു സാധ്യത ഇല്ലെന്ന് ബോധ്യമായതോടെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ തയാറാവുകയായിരുന്നു.  പക്ഷേ, ഇതിന്റെ പേരിൽ കേരളത്തിന്റെ നവനിർമാണ പദ്ധതികൾ മുടങ്ങിക്കൂടാ. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രതീക്ഷ അർപ്പിച്ചിട്ടുള്ളത് വിദേശത്തുള്ള മലയാളികളിലും സംരംഭകരിലുമാണ്. ഇവിടെയാണ് പ്രവാസികളുടെ പ്രസക്തി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അഭ്യർത്ഥന മാനിച്ച് യു.എ.ഇയിലെ പ്രവാസികളും പ്രവാസി സംരംഭകരും നവകേരള സൃഷ്ടിക്കായി കൈകോർക്കാൻ സന്നദ്ധമായിരിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ അവർ നേരിട്ട്  അറിയിക്കുകയും സഹായ പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു കഴിഞ്ഞു. യു.എ.ഇ സന്ദർശനം വൻ വിജയമായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന  യു.എ.ഇയിലെ പ്രവാസികൾ നൽകിയ വൻ പിന്തുണയാണ് കാണിക്കുന്നത്. ഈ പിന്തുണയുടെ അനുരണനങ്ങൾ മറ്റു രാജ്യങ്ങളിലെ പ്രവാസികൾക്കിടയിൽ കൂടിയുണ്ടാവണം. എങ്കിൽ മാത്രമായിരിക്കും നവകേരള സൃഷ്ടി സാധ്യമാവുക. തീർച്ചയായും അതുണ്ടാവും. കാരണം കേരളത്തിന്റെ വികസനത്തിൽ എന്നും മുൻപന്തിയിൽ നിന്നിട്ടുള്ളവരാണ് പ്രവാസികൾ. 
ഇന്ന് പ്രവാസികൾ, പ്രത്യേകിച്ച് ഗൾഫിലെ പ്രവാസികൾ ഏറെ പ്രതിസന്ധിയിലാണെങ്കിലും നവകേരള നിർമിതിയിൽ പങ്കാളികളാവാൻ അവർ മടിക്കില്ല. കാരണം ലോകത്ത് എവിടെ പോയാലും കേരളത്തിന്റെ സംസ്‌കാരവും നാടിനോടുള്ള സ്‌നേഹവും എന്നും പ്രകടപ്പിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടു തന്നെ യു.എ.ഇയിൽനിന്നുണ്ടായതുപോലുള്ള സഹായ വാഗ്ദാനങ്ങൾ മറ്റിടങ്ങളിൽനിന്നു കൂടി ഉണ്ടാവുമെന്നു തന്നെ വേണം പ്രതീക്ഷിക്കാൻ. 
കേരളത്തിന്റെ വികസന പ്രക്രിയകളിൽ എന്നും പങ്കാളികളായിട്ടുള്ള പ്രവാസികൾക്ക് പക്ഷേ, തിരിച്ച് അവർ അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നത് വസ്തുയാണ്. ഇന്നും പല കാര്യങ്ങളിലും അവഗണനയാണ്. മാത്രമല്ല, പ്രവാസികളെന്ന പേരിൽ ചൂഷണത്തിനും അവർ ഇരയായിക്കൊണ്ടിരിക്കുന്നു. ഒരു തൊഴിലാളി വർഗ പാർട്ടിയുടെ നേതാവെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം തിരിച്ചറിയുകയും അവഗണനകൾക്കും ചൂഷണങ്ങൾക്കുമെതിരെ സംസ്ഥാന സർക്കാരിന് ചെയ്യാനാവുന്നതു ചെയ്യുകയും വേണം. അതോടൊപ്പം നവകേരള നിർമിതിയിൽ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കി അവരുടെ പുനരധിവാസം ഉറപ്പാക്കുകയും വേണം.
 അതുണ്ടായാൽ നാളെ തങ്ങൾക്കും ഈ സഹായം ലഭ്യമാകുമെന്ന കാരണത്താൽ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെയും സംരംഭകരുടെയും അകമഴിഞ്ഞ സഹായം നവകേരള നിർമിതിക്കുണ്ടാവുമെന്നതിൽ സംശയം വേണ്ട. 

Latest News