കോണ്‍ഗ്രസ് നേതാവ് ജി. രാമന്‍ നായര്‍ ബി.ജെ.പിയിലേക്ക്

കോട്ടയം- കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. രാമന്‍ നായര്‍ ബി.ജെ.പിയിലേക്കെന്ന് സൂചന. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടാണ് ശരിയെന്നും അതിനോടൊപ്പം നില്‍ക്കുന്നുവെന്നും രാമന്‍ നായര്‍ വ്യക്തമാക്കി. നേരത്തെ ശബരിമല ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ ബി.ജെ.പി സംഘടിപ്പിച്ച ഉപവാസ സമരം രാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.

കോണ്‍ഗ്രസില്‍ ഇടം ലഭിക്കാതെ വരികയും പുറത്തു പോകുകയും ചെയ്താല്‍ ്ബി.ജെ.പിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കുമെന്നാണ് രാമന്‍ നായര്‍ പറയുന്നത്. ഇപ്പോള്‍ ഇതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നത്. ശബരിമല വിഷയം ആര് ഉയര്‍ത്തിപ്പിടിക്കുന്നുവോ അവരുമായി ചേര്‍ന്നു പോകും. ബി.ജെ.പിയാണ് അതെങ്കില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News