പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; സൗദിയില്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി

റിയാദ്- സൗദി സയാമീസ് ഇരട്ടകളായ ശൈഖയെയും ശുമൂഖിനെയും വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ഓപ്പറേഷന് നേതൃത്വം നൽകിയ ഡോ.അബ്ദുല്ല അൽറബീഅ അറിയിച്ചു. റിയാദ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ മുൻ ആരോഗ്യ മന്ത്രി കൂടിയായ ഡോ.അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുട്ടികൾക്ക് ഇന്നലെ വേർപെടുത്തൽ ശസ്ത്രക്രിയ നടത്തിയത്. എട്ടു ഘട്ടങ്ങളായി നടത്തിയ ശസ്ത്രക്രിയ പന്ത്രണ്ടു മണിക്കൂർ നീണ്ടുനിന്നു. 
ഇരുവർക്കും കഴിഞ്ഞ മാസാവസാനം വേർപെടുത്തൽ ശസ്ത്രക്രിയ നടത്തുന്നതിനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ രോഗം ബാധിച്ചതിനെ തുടർന്ന് ഓപ്പറേഷൻ പിന്നീട് നീട്ടി വെക്കുകയായിരുന്നു. കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ സയാമീസ് ഇരട്ടകൾക്ക് നടത്തുന്ന 46-ാമത് വേർപെടുത്തൽ ശസ്ത്രക്രിയയാണിത്.
 

Latest News