Sorry, you need to enable JavaScript to visit this website.

ബംഗളുരുവിലെ ആംനസ്റ്റി ഓഫീസില്‍ ഇ.ഡി സംഘത്തിന്റെ റെയ്ഡ്

ബംഗളൂരു- രാജ്യാന്തര മനുഷ്യാവകാശ, സന്നദ്ധ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ബംഗളൂരു ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തി. വിദേശത്ത് നിന്ന് ഫണ്ടി സ്വീകരിക്കുന്നതില്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് രണ്ട് വര്‍ഷത്തോളമായി ആംനസ്റ്റിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണിത്. വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെയെല്ലാം കര്‍ശനമായ നിയമങ്ങളുടെ പേരില്‍ വരുതിയിലാക്കിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ആംനസ്റ്റിക്ക് മതിയായ അനുമതികള്‍ ഉണ്ടോ എന്നു പരിശോധിക്കാനെന്ന പേരില്‍ 2016 ഓഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി അന്വേഷണത്തിന് ഉത്തരവിട്ടത്. ആംനസ്റ്റ് സംഘടിപ്പിച്ച കശ്മീര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെന്ന് ആര്‍.എസ്.എസ് വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി പരാതി ഉന്നയിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഈ അന്വേഷണ ഉത്തരവ് വന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആംനസ്റ്റിക്കെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ആംനസ്റ്റി നിഷേധിച്ചിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ബംഗളുരുവിലെ ആംനസ്റ്റി ഓഫിസില്‍ മുന്നറിയിപ്പില്ലാതെ ഇ.ഡി സംഘം റെയ്ഡിനെത്തിയത്. ആഗോള പരിസ്ഥിതി സന്നദ്ധ സംഘടനയായ ഗ്രീന്‍പീസിന്റെ ബംഗളുരു ഓഫീസില്‍ റെയ്ഡ് നടത്തി രണ്ടാഴ്ചയ്ക്കു ശേഷമാണ് ആംനസ്റ്റി ഓഫീസിലെ റെയ്ഡ്. ഗ്രീന്‍പീസ് നിയമവിരുദ്ധമായി വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നുണ്ടെന്ന സംശയം ആരോപിച്ചായിരുന്നു ഇത്.

വിദേശ വിനിമയ നിയമം ലംഘിച്ച് വാണിജ്യ മാര്‍ഗത്തിലൂടെ ആംനസ്റ്റി ഇന്റര്‍നാഷണല്‍-യുകെയില്‍ നിന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ഫണ്ട് സ്വീകരിച്ചിട്ടുണ്ടോ എന്ന് ഓഗസ്റ്റില്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നതായി ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു. 2014 മേയ്ക്കും 2016 ഓഗസ്റ്റിനുമിടയില്‍ ലഭിച്ച 36 കോടി രൂപയാണ് അന്വേഷിച്ചു വരുന്നത്.
 

Latest News