കൊച്ചി- എറണാകുളം-കോട്ടയം റൂട്ടിൽ കുറുപ്പന്തറ, ഏറ്റുമാനൂർ ലൈനിൽ തീവണ്ടിപ്പാത ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനാൽ ശനിയാഴ്ച വരെ ട്രെയിൻ ഗതാഗതം തടസ്സപ്പെടും. ശനിയാഴ്ച ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. അന്ന് ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടുമെന്നും റെയിൽവേ അറിയിപ്പിൽ പറഞ്ഞു.
വ്യാഴാഴ്ച മൂന്നു പാസഞ്ചർ ട്രെയിനുകൾ റദ്ദു ചെയ്യുകയും നാല് ദീർഘദൂര ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. കോട്ടയം വഴിയുള്ള എറണാകുളം കായംകുളംഎറണാകുളം പാസഞ്ചർ ട്രെയിനും കൊല്ലം-എറണാകുളംകൊല്ലം മെമു, എറണാകുളംകൊല്ലം എറണാകുളം മെമുവുമാണ് റദ്ദുചെയ്ത ട്രെയിനുകൾ. ഹൈദരബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 50 മിനിട്ടും മാംഗളൂർ തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് 45 മിനിട്ടും കുറുപ്പംതറയിൽ പിടിച്ചിടും. കന്യാകുമാരി ഹിമസാഗർ എക്‌സ്പ്രസ് 30 മിനിട്ട് വൈക്കം റോഡ് സ്‌റ്റേഷനിൽ നിർത്തിയിടും. തിരുവനന്തപുരം-ന്യൂഡൽഹി എക്‌സ്പ്രസ് 50 മിനുട്ട് കോട്ടയം സ്‌റ്റേഷനിൽ നിർത്തിയിടും.
ശനിയാഴ്ച ഏഴു ട്രെയിനുകൾ റദ്ദാക്കിയതായും റെയിൽവെ അറിയിച്ചു. എറണാകുളം-കായംകുളം-എറണാകുളം, എറണാകുളം-കൊല്ലം-എറണാകുളം, ആലപ്പുഴ-കായംകുളം, ആലപ്പുഴ വഴിയുള്ള കായംകുളംഎറണാകുളം, ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു, കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു, കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം എറണാകുളം എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. കോട്ടയം വഴിയുള്ള ഗുരുവായൂർ-പുനലൂർ- ഗുരുവായൂർ പാസഞ്ചർ ട്രെയിൻ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. അഞ്ച് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും. പരശുറാം എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ്, ജയന്തി ജനത എക്‌സ്പ്രസ്, ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചു വിടുന്നത്. ഇവയ്ക്ക് ഹരിപ്പാട്, അ്മ്പലപ്പുഴ, ചേർത്തല എന്നീ സ്‌റ്റേഷനുകളിൽ ഒരു മിനുട്ടും ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നീ സ്‌റ്റേഷനുകളിൽ രണ്ട് മിനുട്ടും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.