കൊച്ചി- കൊള്ളപ്പലിശക്കാരൻ മഹാരാജന്റെ സഹായിയെ പോലീസ് പിടികൂടി. കോഴിക്കോട് ചേവായൂർ തൂവാട്ട്പറമ്പ് ആശീർവാദിൽ മോഹൻകുമാർ(62)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച നോട്ടീസ് നൽകി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഡി.സി.പി പി.സി സജീവൻ പറഞ്ഞു.
പണം ആവശ്യമുള്ളവരെ മഹാരാജനുമായി ബന്ധപ്പെടുത്തി കൊടുത്ത ഏജന്റുമാരിലൊരാളാണ് മോഹൻകുമാർ. 2006 മുതൽ ഇരുവരും തമ്മിൽ ബന്ധമുണ്ട്. മോഹൻകുമാറിന്റെ മകൾ തമിഴ് സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. മഹാരാജന്റെ സഹോദരൻ സ്വാമിനാഥനും മോഹൻകുമാറിന്റെ മകളും പരിചയക്കാരാണ്. ഇതുവഴിയാണ് മോഹൻകുമാർ മഹാരാജനുമായി അടുക്കുന്നത്. പലിശയ്ക്ക് നൽകിയ പണം തിരികെ പിടിക്കുന്നതിന് മോഹൻകുമാർ 75 ലക്ഷത്തോളം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ മോഹൻകുമാറിനെ റിമാൻഡ് ചെയ്തു.
അതേസമയം, അനധികൃത പണമിടപാടു കേസിൽ നേരത്തെ പിടിയിലായ മഹാരാജനെ എൻഫോഴ്‌സ്‌മെന്റ് പത്ത് ദിവസത്തെ കസ്റ്റഡിയിലെടുത്തു. പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തിരുന്നു. പലിശയ്ക്ക് നൽകാൻ എവിടെ നിന്ന് പണം സംഘടിപ്പിച്ചുവെന്ന് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കും. കൊള്ളപ്പലിശ ഇടപാടിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാരും പോലീസും മഹാരാജനെ സഹായിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.