Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കൂടുതല്‍ തിയേറ്ററുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു

റിയാദ് - ഈ വർഷം മൂന്നാം പാദത്തിൽ സിനിമാ തിയേറ്ററുകൾ സ്ഥാപിക്കുന്നതിന് എട്ടു ലൈസൻസുകൾ അനുവദിച്ചതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ അറിയിച്ചു. ഇവയടക്കം ആകെ 236 മീഡിയ ലൈസൻസുകളാണ് ഈ വർഷം മൂന്നാം പാദത്തിൽ കമ്മീഷൻ അനുവദിച്ചത്. ഏറ്റവും കൂടുതൽ ലൈസൻസുകൾ അനുവദിച്ചത് ഓഡിയോ വിഷ്വൽ മീഡിയ നിർമാണ മേഖലയിലാണ്. ഈ വിഭാഗം സ്ഥാപനങ്ങൾക്ക് 81 ലൈസൻസുകൾ അനുവദിച്ചു. ഓഡിയോ വിഷ്വൽ മീഡിയ ഉള്ളടക്കത്തിന്റെ ഇറക്കുമതി, വിതരണം, ചില്ലറ വ്യാപാരം എന്നീ മേഖലകളിൽ 66 ലൈസൻസുകളും പൊതുസ്ഥലങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഷൂട്ടിംഗ് നടത്തുന്നതിനുള്ള 56 ലൈസൻസുകളും ടി.വി റിസീവറുകൾ ഇറക്കുമതി ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള 19 ലൈസൻസുകളും ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അനുവദിച്ചു. 
അവശേഷിക്കുന്ന ലൈസൻസുകൾ തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനും ടി.വി, റേഡിയോ സ്റ്റുഡിയോകൾക്കും സാറ്റലൈറ്റ് ചാനൽ ഓഫീസുകൾക്കും ടി.വി, റേഡിയോ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും സാറ്റലൈറ്റുകൾ വഴിയുള്ള ടി.വി ചാനൽ സംപ്രേഷണ നിലയങ്ങൾക്കുമുള്ളതാണ്. ഏറ്റവും കൂടുതൽ ലൈസൻസുകൾ അനുവദിച്ചത് റിയാദിലാണ്. ഇവിടെ 83 ലൈസൻസുകൾ അനുവദിച്ചു. 
രണ്ടാം സ്ഥാനത്തുള്ള ജിദ്ദയിൽ 48 ലൈസൻസുകളും മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 25 ലൈസൻസുകളും അനുവദിച്ചു. പതിനാലിനം ലൈസൻസുകളാണ് ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ അനുവദിക്കുന്നത്. ഈ വർഷാദ്യം മുതൽ മൂന്നാം പാദാവസാനം വരെയുള്ള കാലത്ത് 786 ലൈസൻസുകളാണ് കമ്മീഷൻ അനുവദിച്ചത്.

Latest News