Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കി

  • വിദേശികൾക്ക് പരമാവധി രണ്ട് വിസ
  • സൗദി കുടുംബത്തിന് അഞ്ച് വിസ

റിയാദ്- ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ഭേദഗതികൾ വരുത്തി. പുതിയ വ്യവസ്ഥകൾ പ്രകാരം വിവാഹിതരായ സൗദി പൗരന്മാർക്കും സൗദി വനിതകൾക്കും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പരമാവധി അഞ്ചു വിസകൾ വരെ അനുവദിക്കും. ഇതിന് ദമ്പതികൾ ഒരാളുടെ പേരിലാണ് വിസ അപേക്ഷകൾ നൽകേണ്ടത്. മക്കളുള്ള വിവാഹ മോചിതർക്കും ഭാര്യ മരണപ്പെട്ടുപോയ സൗദികൾക്കും പരമാവധി അഞ്ചു വിസകൾ ലഭിക്കും. 
സൗദിയിൽ കുടുംബ സമേതം കഴിയുന്ന വിദേശികൾക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പരമാവധി രണ്ടു വിസകൾ ലഭിക്കും. നിക്ഷേപകരായ, വിദേശ ബാച്ചിലർമാർക്ക് ഒരു വിസ വീതവും അനുവദിക്കും. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസ ലഭിക്കുന്നതിന് വിവാഹിതരായ വിദേശികൾ ജോലിക്കാരോ നിക്ഷേപകരോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ആദ്യ വിസക്ക് അപേക്ഷ സമർപ്പിക്കുന്നവർ പതിനായിരം റിയാലിൽ കുറയാത്ത വേതനം ലഭിക്കുന്നത് തെളിയിക്കുന്ന സാലറി സർട്ടിഫിക്കറ്റും ഒരു ലക്ഷം റിയാൽ ബാങ്ക് ബാലൻസുള്ളത് വ്യക്തമാക്കുന്ന രേഖകളും ഹാജരാക്കൽ നിർബന്ധമാണ്. രണ്ടാമത്തെ വിസക്ക് അപേക്ഷ സമർപ്പിക്കുന്നവരുടെ വേതനം ഇരുപതിനായിരം റിയാലിൽ കുറവാകാൻ പാടില്ല. ഇവർക്ക് രണ്ടു ലക്ഷത്തിൽ കുറയാത്ത ബാങ്ക് ബാലൻസും ഉണ്ടായിരിക്കണം. 

ബാച്ചിലർമാരായ വിദേശികൾക്ക് ഗാർഹിക തൊഴിലാളി വിസ ലഭിക്കുന്നതിന് 1,20,000 റിയാൽ ബാങ്ക് ബാലൻസുണ്ടായിരിക്കണം. ഇവരുടെ പ്രായം 24 ൽ കുറവാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. നിക്ഷേപക ലൈസൻസോടെ സൗദിയിൽ പ്രവർത്തിക്കുന്ന ബാച്ചിലർമാർക്കു മാത്രമാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഒരു വിസ വീതം അനുവദിക്കുക. 
സൗദി പൗരന്മാരുടെ വിദേശ ഭാര്യമാർക്കും സൗദി പൗരന്മാരുടെ വിധവകൾക്കും വിവാഹ മോചിതർക്കും വിദേശികളുടെ ഭാര്യമാരായ വിദേശ വനിതകൾക്കും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പരമാവധി രണ്ടു വിസകൾ വീതം അനുവദിക്കും. 
ഇതിന് സൗദി പൗരന്മാരുടെയും വിദേശികളുടെയും ഭാര്യമാരായ വിദേശ വനിതകൾ നിക്ഷേപകയായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. പുരുഷ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ഇവർക്ക് വിസകൾ അനുവദിക്കുക. 
സ്ത്രീ-പുരുഷന്മാരായ ഭിന്നശേഷിക്കാർക്ക് മൂന്നു വീതം വിസകൾ അനുവദിക്കും. വിസക്ക് അപേക്ഷ നൽകുന്ന, പുരുഷന്മാരായ ഭിന്നശേഷിക്കാരുടെ പ്രായം പതിനെട്ടിൽ കുറവാകാൻ പാടില്ല. വനിതാ ഭിന്നശേഷിക്കാർക്ക് പ്രായവ്യവസ്ഥ ബാധകമല്ല. പുരുഷന്മാരായ ഭിന്നശേഷിക്കാർക്ക് പുരുഷ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും സ്ത്രീകളായ ഭിന്നശേഷിക്കാർക്ക് വനിതാ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുമാണ് വിസകൾ അനുവദിക്കുക. ഗാർഹിക തൊഴിലാളി, ഹൗസ് ഡ്രൈവർ പ്രൊഫഷനിലുള്ള വിസകളാണ് ഇവർക്ക് അനുവദിക്കുക. ആദ്യ വിസക്ക് അപേക്ഷിക്കുന്ന ഭിന്നശേഷിക്കാർ സാമ്പത്തിക ശേഷി തെളിയിക്കേണ്ടതില്ല. എന്നാൽ രണ്ടാമത്തെ വിസക്ക് അപേക്ഷിക്കുമ്പോൾ ഇവർ 5,000 റിയാലിൽ കുറയാത്ത സാലറി സർട്ടിഫിക്കറ്റും 25,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖയും ഹാജരാക്കണം. മൂന്നാമത്തെ വിസക്ക് അപേക്ഷിക്കുന്നവർ 8,000 റിയാലിൽ കുറയാത്ത സാലറി സർട്ടിഫിക്കറ്റും 60,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖകളും ഹാജരാക്കൽ നിർബന്ധമാണ്. 
ഹൗസ് ഡ്രൈവർ, വീട്ടുജോലിക്കാരൻ, വീട്ടുജോലിക്കാരി എന്നീ പ്രൊഫഷനുകളിൽ മാത്രമേ ബദൽ വിസകൾ അനുവദിക്കുകയുള്ളൂ. പ്രൊബേഷൻ കാലമായ 90 ദിവസത്തിനുള്ളിൽ തൊഴിൽ നിയമം പാലിച്ച് കരാറുകൾ അവസാനിപ്പിച്ച് തൊഴിലാളികളെ ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നവർക്കു മാത്രമാണ് പകരം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ബദൽ വിസകൾ അനുവദിക്കുക. 
ഭിന്നശേഷിക്കാരായ യുവതികൾക്ക് വനിതാ തൊഴിലാളികളെ മാത്രം റിക്രൂട്ട് ചെയ്യുന്നതിനാണ് വിസകൾ അനുവദിക്കുക. ഹൗസ് ഡ്രൈവർമാരായും ഇവർ വനിതകളെയാണ് റിക്രൂട്ട് ചെയ്യേണ്ടത്. പതിനെട്ട് വയസിൽ കുറവ് പ്രായമുള്ള ഭിന്നശേഷിക്കാരായ പുരുഷന്മാർക്ക് ഒരു വേലക്കാരിയെ റിക്രൂട്ട് ചെയ്യുന്നതിന് വിസ അനുവദിക്കും. 
 

Latest News