Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ലുലു ഗ്രൂപ്പ് 100 കോടി റിയാല്‍ കൂടി നിക്ഷേപിക്കും

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തിയപ്പോൾ. 

റിയാദ് - സൗദി വിഷൻ-2030 ന്റെ ഭാഗമായി റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. നിക്ഷേപക സംഗമം നടക്കുന്ന റിയാദ് റിട്‌സ് കാൾട്ടൻ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 
സൗദിയിലെ റീട്ടെയിൽ മേഖലയിൽ ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റിയും, നിക്ഷേപങ്ങളെപ്പറ്റിയുമുള്ള വിശദാംശങ്ങൾ യൂസഫലി കിരീടാവകാശിക്ക് വിശദീകരിച്ചു. സൗദിയിലെ വാണിജ്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കാൻ ഗ്രൂപ്പ് ഉദ്ദേശിക്കുന്നുവെന്ന് യൂസഫലി, മുഹമ്മദ് ബിൻ സൽമാനെ അറിയിച്ചു. സൗദിയിൽ ഇതിനകം 14 ഹൈപ്പർ മാർക്കറ്റുകളുള്ള ലുലു 2020 ആകുമ്പോഴേക്കും 15 ഹൈപ്പർ മാർക്കറ്റുകൾ കൂടി പുതുതായി ആരംഭിക്കും. 100 കോടി റിയാൽ നിക്ഷേപത്തിലായിരിക്കും പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. ഇതിനകം നിക്ഷേപിച്ച 100 കോടി റിയാലിന് പുറമേയാണിത്.    
ഇത് കൂടാതെ കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റിയിൽ 200 മില്യൺ സൗദി റിയാൽ നിക്ഷേപത്തിൽ അത്യാധുനിക രീതിയിലുള്ള ലോജിസ്റ്റിക് സെന്റർ ആരംഭിക്കുവാനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. സൗദിയിലെ റീട്ടെയിൽ മേഖലയിൽ പ്രവർത്തനം കൂടുതൽ വ്യാപകമാക്കാനും ഭക്ഷ്യസുരക്ഷ പ്രദാനം ചെയ്യാനും ഇത് ഉപകരിക്കും. സൗദിവത്കരണത്തിന്റെ ഭാഗമായി ആകെയുള്ള ജീവനക്കാരുടെ 40 ശതമാനവും സൗദികളാണ് ലുലുവിൽ ജോലി ചെയ്യുന്നതെന്നും യൂസഫലി അറിയിച്ചു. വരും വർഷങ്ങളിൽ സൗദി സ്വദേശികളുടെ എണ്ണം വർധിപ്പിക്കുമെന്നും യൂസഫലി പറഞ്ഞു. 
സൗദിയുടെ നിക്ഷേപ സാധ്യതകൾ തുറന്നിടുന്ന മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന മൂന്ന്  ദിവസത്തെ 'ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്' എന്ന പരിപാടിയുടെ രണ്ടാമത് എഡിഷനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വൻകിട പദ്ധതികളുടെയും കരാറുകളുടെയും പ്രഖ്യാപനങ്ങൾ നടക്കുന്ന സമ്മേളനത്തോടെ സൗദിയിൽ വൻ നിക്ഷേപ, തൊഴിൽ സാധ്യതകളാണ് പ്രതീക്ഷിക്കുന്നത്.

Latest News