കൊച്ചി-ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് സ്ത്രീകള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. എ.കെ. മായ കൃഷ്ണന്‍, എസ്.രേഖ, ജലജമോള്‍, ജയമോള്‍ എന്നിവരാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോകുന്നതിന് പോലീസ് സംരക്ഷണം തേടി ഹരജി നല്‍കിയത്. വിധി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതിഷേധത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം, തീര്‍ഥാടകരില്‍നിന്ന് പണം പിരിക്കുന്നവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. അതിനിടെ, ശബരിമലയില്‍ യഥാര്‍ഥ ഭക്തരെ മാത്രം പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് വെങ്ങോലയിലെ സമീക്ഷ സാമൂഹിക പഠനകേന്ദ്രം ജനറല്‍ സെക്രട്ടറി ശിവന്‍ കദളി സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു.