Sorry, you need to enable JavaScript to visit this website.

ഫാ. കുര്യാക്കോസിന്റെ മരണത്തിൽ  പഞ്ചാബ് പോലീസ്  കേസെടുത്തേക്കും 

ന്യൂദൽഹി- കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ മുഖ്യ സാക്ഷികളിലൊരാളായ വൈദികൻ  ഫാ. കുര്യാക്കോസ് കാട്ടുതറ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പഞ്ചാബ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തേക്കും. ഹോഷിയാർപുരിലെ ദസുവയിലെ സെന്റ് പോൾസ് കോൺവെന്റിനോട് ചേർന്ന കെട്ടിടത്തിലെ താമസ സ്ഥലത്തു തിങ്കളാഴ്ചയാണ് ചേർത്തല പള്ളിപ്പുറം സ്വദേശിയായ ഫാദറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാ. കുര്യാക്കോസിന് അന്തിമോപാചാരം അർപ്പിച്ച് ഇന്നലെ ജലന്ധർ രൂപതയിൽ ചണ്ഡീഗഢ് ബിഷപ്പ് ഡോ. ഇഗ്നേഷ്യസ് മസ്‌ക്രീനാസ്, ജലന്ധർ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ഡോ. ആഞ്ജലോ ഗ്രേഷ്യസ് എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക കുർബാന നടന്നു. 
വൈദികന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സുതാര്യമായി നടക്കുന്നതിന് പൂർണമായും സഹകരിക്കുമെന്ന് ജലന്ധർ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ഡോ. ആഞ്ജലോ ഗ്രേഷ്യസ് അറിയിച്ചു. വൈദികന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ഫാ. കുര്യാക്കോസ് കാട്ടുതറ ജലന്ധർ രൂപതക്കു നൽകിയ നിസ്തുല സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 
കോൺവെന്റ് പരിസരത്തെ താമസ സ്ഥലത്തെ മുറിയിൽ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വൈദികനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുക്കൾ കേരളത്തിൽ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടം നടത്തുന്നത് മാറ്റിവെച്ചു. ഇന്നലെ കേരളത്തിൽനിന്ന് ഫാ. കുര്യാക്കോസിന്റെ സഹോദരൻ ഹോഷിയാർപുരിൽ എത്തിയിരുന്നു. വൈദികൻ മരിച്ചു കിടന്ന മുറിയിലും ഇവർ പരിശോധന നടത്തി. തുടർന്ന് ബന്ധുക്കൾ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹോഷിയാർപുർ പോലീസിൽ പരാതി നൽകി. പിന്നീടാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ബന്ധുക്കളുടെ പരാതി പരിഗണിച്ചും പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്നാണ് സൂചന. 
സഹോദരൻ ജോസ് കാട്ടുതറക്കു പുറമെ വൈദികന്റെ വിദേശത്തുള്ള മറ്റൊരു സഹോദരനും ഇന്നലെ സ്ഥലത്തെത്തിയിരുന്നു. 
ഫാ. കുര്യാക്കോസിന്റെ സഹോദരൻ ഉൾപ്പെടെ ബന്ധുക്കളിൽനിന്നു മൊഴിയെടുത്തെന്നും ക്രിമിനൽ നടപടി ചട്ടം 174 ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്നുമാണ് പോസ്റ്റ്‌മോർട്ടത്തിന് മുൻപ് ദസുവ സ്റ്റേഷൻ ഓഫീസർ ജഗദീഷ് രാജ് പറഞ്ഞത്. എന്നാൽ ഐ.പി.സി വകുപ്പനുസരിച്ചു കേസെടുത്തതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമുള്ള പ്രാഥമിക നിഗമനത്തിൽ മൃതദേഹത്തിൽ മുറിവോ സംശയകരമായ പാടുകളോ ഒന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം പൂർത്തിയായതിന് ശേഷം അന്വേഷണം നടക്കുകയാണെന്നും വൈദികന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നുമാണ് ഡി.എസ്.പി എ.ആർ. ശർമ പറഞ്ഞത്. മൂന്നു ഡോക്ടർമാർ ഉൾപ്പെട്ട പ്രത്യേക മെഡിക്കൽ സംഘം ഇന്നലെ വൈകിട്ട് ആറരയോടെയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. 
സെന്റ് മേരീസ് കത്തീഡ്രലിൽ പൊതുദർശനത്തിന് വെക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് രാത്രി ലുധിയാനയിലെത്തിച്ച് എംബാം ചെയ്ത് ബുധനാഴ്ച തന്നെ കേരളത്തിലെത്തിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. 

Latest News