Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും ഒ.സി.ഐ കാര്‍ഡ്

 
ന്യൂദല്‍ഹി- ഇന്ത്യക്കാരുടേയും വിദേശ ഇന്ത്യക്കാരുടേയും (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ-ഒ.സി.ഐ) വിദേശികളായ ജീവിത പങ്കാളികള്‍ക്ക് ഒ.സി.ഐ കാര്‍ഡ് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആജീവനാന്ത വിസയും, മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കുന്നതാണ് ഒ.സി.ഐ കാര്‍ഡ്.
വിദേശ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഇന്ത്യന്‍ പൗരത്വം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവില്‍ ഇന്ത്യക്കാരുടെ വിദേശികളായ ജീവിത പങ്കാളികള്‍ക്ക് ഒ.സി.ഐ കാര്‍ഡിന് അര്‍ഹതയുണ്ടായിരുന്നില്ല. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമല്ല, ഒ.സി.ഐ കാര്‍ഡുള്ളവരുടെ പങ്കാളികള്‍ക്കും ഉപാധികള്‍ പൂര്‍ത്തീകരിക്കുകയാണെങ്കില്‍ ഇനിമുതല്‍ സവിശേഷ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്‍ഡിന് അപേക്ഷിക്കാമെന്ന് മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
2006 ല്‍ ഹൈദരാബാദില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചാണ് ഒ.സി.ഐ കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലൊഴികെയുള്ള ഇന്ത്യന്‍ വംശജര്‍ക്കാണ് വിദേശ ഇന്ത്യക്കാരായി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളത്. പൗരത്വം ഉപേക്ഷിക്കുന്നതിനുള്ള 2009 ലെ പൗരത്വ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

 

Latest News