Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ വന്‍കിട പദ്ധതികള്‍ വരുന്നു;  5000 കോടിയുടെ കരാറുകൾ ഒപ്പിട്ടു

റിയാദ്- രണ്ടാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ ആദ്യ ദിവസമായ ഇന്നലെ പെട്രോളിയം, പ്രകൃതി വാതകം, പശ്ചാത്തല വികസനം എന്നീ മേഖലകളിൽ 5,000 കോടിയിലേറെ ഡോളറിന്റെ കരാറുകൾ ഊർജ, ധനമന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് ഒപ്പിട്ടു. പെട്രോകെമിക്കൽ വ്യവസായ കോംപ്ലക്‌സ് നിർമിക്കുന്നതിന് ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകൊയും ടോട്ടലും മറ്റൊരു കരാറും ഒപ്പുവെച്ചു. ഇതടക്കം ഇന്ത്യ, ദക്ഷിണ കൊറിയ, ബ്രിട്ടൻ, യു.എ.ഇ, ജപ്പാൻ, അമേരിക്ക, ചൈന, ഫ്രാൻസ് എന്നീ എട്ടു രാജ്യങ്ങളിൽ നിന്നുള്ള പതിനഞ്ചു കമ്പനികളുമായി പതിനഞ്ചു ധാരണാപത്രങ്ങൾ സൗദി അറാംകൊ ഒപ്പുവെച്ചു. 3400 കോടി ഡോളറിന്റെ സംയുക്ത പദ്ധതികൾക്കുള്ള ധാരണാ പത്രങ്ങളാണ് സൗദി അറാംകൊ ഒപ്പുവെച്ചത്. 
റിട്‌സ് കാൾട്ടൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ സൗദി സാമ്പത്തിക പരിഷ്‌കരണ നടപടികൾക്ക് ചുക്കാൻ പിടിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്തു. ഇന്ന് അദ്ദേഹം നിക്ഷേപക സംഗമത്തെ അഭിസംബോധന ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ പദ്ധതി രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് ഗതാഗത മന്ത്രി നബീൽ അൽആമൂദി സ്പാനിഷ് കൺസോർഷ്യവുമായി 360 കോടി ഡോളറിന്റെ കരാർ ഒപ്പുവെച്ചു. പശ്ചിമ സൗദിയിൽ ചെങ്കടൽ തീരത്തെ തുറമുഖങ്ങളെയും കിഴക്കൻ സൗദിയിലെ അറേബ്യൻ ഉൾക്കടലിലെ തുറമുഖങ്ങളെയും ബന്ധിപ്പിച്ച് റെയിൽപാതകൾ നിർമിക്കുന്നതിന് ചൈനീസ് കമ്പനിയായ ചൈന സിവിൽ എൻജിനീയറിംഗ് കൺസ്ട്രക്ഷൻ കോർപറേഷനുമായി പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ധാരണാപത്രം ഒപ്പുവെച്ചു. സൗദിയിൽ ഗുഡ്‌സ് വാഗൺ ഫാക്ടറി സ്ഥാപിക്കുന്നതിന് സൗദി റെയിൽവേ കമ്പനി അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പുവെച്ചു. 26.7 കോടി ഡോളറാണ് കരാർ തുക. ത്രിദിന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന് നാളെ തിരശ്ശീല വീഴും. പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ അടക്കമുള്ള വിദേശ നേതാക്കളും ലോക രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വ്യവസായികളും കമ്പനി മേധാവികളും മന്ത്രിമാരും അടക്കമുള്ളവർ പങ്കെടുക്കുന്ന പരിപാടിയിൽ നാൽപതിലേറെ സെഷനുകളും തുറന്ന ചർച്ചകളും ശിൽപശാലകളും നടക്കും. 

 

Latest News