വാഷിംഗ്ടണ്‍- വിമാനത്തില്‍ ഉറങ്ങുകയായിരുന്ന സഹയാത്രികയുടെ മാറിടത്തില്‍ സ്പര്‍ശിച്ച യാത്രക്കാരന്‍ മുന്നോട്ടുവെച്ച വാദം അധികൃതരെ ഞെട്ടിച്ചു. വനിതകളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതില്‍ തെറ്റില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിട്ടുണ്ടെന്നാണ് അറസ്റ്റിലായ യാത്രക്കാരന്‍ ബ്രൂസ് മൈക്കിള്‍ അലക്‌സാണ്ടര്‍ (49) പോലീസിനോടും പ്രോസിക്യൂട്ടര്‍മാരോടും പറഞ്ഞത്. ഫ്‌ളോറിഡയിലെ ടാംപ സ്വദേശിയാണ് ഇയാള്‍.
ഹൂസ്റ്റണില്‍നിന്ന് അല്‍ബുക്കര്‍ക്കിലേക്ക് പോയ വിമാനത്തിലാണ് സംഭവം. സ്വകാര്യഭാഗങ്ങളില്‍ തടവിയതിനെ തുടര്‍ന്നാണ് ഉറങ്ങുകയായിരുന്ന യാത്രക്കാരി ഞെട്ടിയുണര്‍ന്നത്.
അലക്‌സാണ്ടര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തതായി ന്യൂ മെക്‌സിക്കോയിലെ യു.എസ്. അറ്റോര്‍ണി ഓഫീസ് അറിയിച്ചു. രണ്ട് വര്‍ഷം ജയിലും രണ്ടരലക്ഷം ഡോളര്‍ പിഴശിക്ഷയും ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഹൂസറ്റണില്‍നിന്ന് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന് 15-20 മിനിറ്റിനിടയിലായിരുന്നു സംഭവം. പരാതിയല്‍ സി.ഡബ്ല്യു എന്ന പേര് നല്‍കിയിരിക്കുന്ന യുവതി വിമാനത്തില്‍ വിന്‍ഡോ സീറ്റില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു. വസ്ത്രം നീക്കി സ്പര്‍ശിച്ചപ്പോള്‍ ആദ്യം അബദ്ധത്തിലാണെന്നാണ് കരുതിയത്. 30 മിനിറ്റ് കഴിഞ്ഞ് ആവര്‍ത്തിച്ചപ്പോഴാണ് മനപ്പൂര്‍വമാണെന്ന് മനസ്സിലായതെന്ന് യുവതി പറഞ്ഞു. സീറ്റ് മാറിയിരുന്നാണ് യുവതി യാത്ര തുടര്‍ന്നത്.
വിമാനത്തിലെ സൂപ്പര്‍വൈസര്‍ വിവരം നല്‍കിയതനസരിച്ച് അല്‍ബുക്കര്‍ക്ക് എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് എഫ്.ബി.ഐ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രശസ്തനാണെങ്കില്‍ നിങ്ങള്‍ക്ക് സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍വരെ തൊടാമെന്ന പ്രസിഡന്റ് ട്രംപിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയത്.