വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നുവെന്ന്

കണ്ണൂർ - വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാവുന്നതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. പി സുരേഷിന്റെ നേതൃത്വത്തിൽ നടന്ന യോഗം വിലയിരുത്തി. കുട്ടികളെ മയക്കമരുന്നുകളുടെ കെണിയിൽ പെടുത്താൻ വിദ്യാലയങ്ങൾക്കു പുറത്തു നിന്നുള്ള ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ കെണിയിലകപ്പെടുന്ന വിദ്യാർഥികൾ തലയൂരാനാവാത്ത വിധം മയക്കുമരുന്നിന് അടിപ്പെടുന്ന അവസ്ഥയാണെന്നും യോഗത്തിൽ സംസാരിച്ച വിവിധ വകുപ്പുദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. 
ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകളിലും മറ്റുമായി മയക്കുമരുന്നുകൾ ജില്ലയിലെത്തുന്നത്. പിടിക്കപ്പെടാതിരിക്കാൻ ചെറിയ അളവിൽ പല ആളുകളുടെ കൈവശമായാണ് ഇവ എത്തിക്കുന്നത്. പ്ലസ് വൺ തലം മുതലുള്ള വിദ്യാർഥികൾ ഈ റാക്കറ്റുകളുടെ ഇരകളാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചില ആശുപത്രികളിൽ നിന്ന് ഒ.പി ടിക്കറ്റുകൾ വാങ്ങിയ ശേഷം ഡോക്ടറെ കാണാതെ മയക്കുമരുന്നായി ഉപയോഗിക്കുന്ന മരുന്നുകൾ സ്വന്തമായി എഴുതിച്ചേർത്ത് വാങ്ങുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.  ഇക്കാര്യത്തിൽ ആശുപത്രികളും ഫാർമസികളും ജാഗ്രത പാലിക്കണം. 
വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്നുപയോഗം തടയാൻ ബന്ധപ്പെട്ട വകുപ്പുകൾ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് കമ്മീഷൻ ചെയർമാൻ പറഞ്ഞു. വിദ്യാലയങ്ങളിലെ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ശക്തിപ്പെടുത്തണം. അധ്യാപകർ, രക്ഷാകർതൃ സമിതികൾ, തദ്ദേശ സ്ഥാപനങ്ങൾ, എക്‌സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ജാഗ്രതയോടെയുള്ള പ്രവർത്തനം ഇതിനാവശ്യമാണ്. ചില സ്‌കൂളുകൾ തങ്ങളുടെ പേര് ചീത്തയാവരുതെന്ന് കരുതി ഇത്തരം കേസുകൾ മൂടിവെയ്ക്കുകയാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. മയക്കുമരുന്നിന്റെ കെണിയിലകപ്പെട്ട കുട്ടികളെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് അവർക്ക് വിദഗ്ധ കൗൺസലിംഗ് നൽകാൻ സംവിധാനമൊരുക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. 
മികച്ച വിദ്യാലയങ്ങളെന്ന് അവകാശപ്പെടുന്ന പല സ്‌കൂളുകളിലും അച്ചടക്കത്തിന്റെ പേരിൽ അനാവശ്യമായ ഭീതി നിലനിൽക്കുന്ന സാഹചര്യമുണ്ട്. പഠനത്തിന്റെ പേരിൽ വിദ്യാർഥികളിൽ സമ്മർദ്ദം സൃഷ്ടിക്കുന്നതിനു പകരം അത് ആസ്വാദ്യകരമാക്കാനുള്ള സംവിധാനങ്ങളൊരുക്കുകയാണ് വേണ്ടതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എ.ഡി.എം ഇ.മുഹമ്മദ് യൂസഫ്, ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ടി.എ.മാത്യു, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എം.പി.അബ്ദുറഹിമാൻ, വിവിധ വകുപ്പുമേധാവികൾ, ബാലാവകാശ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. 
 

Latest News