വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം തേടി കുറുമ്പാലക്കോട്ട

കുറുമ്പാലക്കോട്ടയിൽനിന്നുള്ള സൂര്യോദയദൃശ്യം 

വയനാടിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം തേടി കുറുമ്പാലക്കോട്ട. കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോടുനിന്നു ഏകദേശം ഒരു കിലോമീറ്റർ  അകലെയാണ് പ്രകൃതിയുടെ വിസ്മയക്കാഴ്ചകളൊരുക്കുന്ന കുറുമ്പാലക്കോട്ട. ജില്ലയ്ക്കു അകത്തും പുറത്തും നിന്നും സഞ്ചാരികളെത്തുന്നുണ്ടെങ്കിലും കുറുമ്പാലക്കോട്ടയെ പരിസ്ഥിതി സൗഹൃദ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ ടൂറിസം വകുപ്പിനു പദ്ധതിയില്ല. 
അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ ജില്ലയിലെ എണ്ണം പറഞ്ഞ വിനോദ സഞ്ചാര കേന്ദ്രമായി കുറുമ്പാലോക്കോട്ട മാറുമെന്നു പ്രദേശത്തെ  സാമൂഹിക പ്രവർത്തകൻ ഗഫൂർ വെണ്ണിയോട് പറഞ്ഞു. പ്രളയത്തിൽ തകർന്ന കോട്ടത്തറ പഞ്ചായത്തിന്റെ സാമ്പത്തിക പുരോഗതിക്കു കുറുമ്പാലക്കോട്ടയിലെ ടൂറിസം വികസനം  ഉതകുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. 
റവന്യൂ ഭൂമിയിലാണ് ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന കുറുമ്പാലക്കോട്ട. വെണ്ണിയോട്ടും സമീപങ്ങളിലുമെത്തുന്ന സഞ്ചാരികൾ  സ്വകാര്യ ഭൂമികളിലൂടെയുള്ള  എട്ടോളം കൈവഴികളിലൂടെയാണ്  കോട്ടയിൽ എത്തുന്നത്. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കു പുറമെ ധാരാളം പ്രകൃതിസ്‌നേഹികളും കോട്ട സന്ദർശിക്കുന്നുണ്ട്. ആരെയും മയക്കുന്നതാണ് കുറുമ്പാലക്കോട്ടയിൽനിന്നുള്ള ഉദയ, അസ്തമന ദൃശ്യങ്ങൾ.  ശുദ്ധവായുവും നട്ടുച്ചയ്ക്കും അനുഭവപ്പെടുന്ന കുളിരും   മറ്റാകർഷണങ്ങളാണ്. മഹാഭാരതത്തിലെ ഭീമനെയും പാഞ്ചാലിയെയും ബന്ധപ്പെടുത്തി കഥകളുള്ള മുറിപ്പുഴയും പഴശ്ശി സമരങ്ങളുമായി ബന്ധമുള്ള പടവെട്ടിപ്പൊയിലും കുറുമ്പാലക്കോട്ടയുടെ താഴ്‌വാരത്തിലാണ്. ഇവിടങ്ങളിലും സഞ്ചാരികൾ എത്തുന്നുണ്ട്. 
 

Latest News