കൊച്ചി- അമ്മയും മൂന്നാനച്ഛനായ ഡോക്ടറും ചേർന്ന് പത്ത് വയസ്സുകാരനെ ഉപദ്രവിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കാക്കനാട് പട മുഗൾ പാല ചുവട് റോഡിലെ വീട്ടിലായിരുന്നു സംഭവം. ഉപദ്രവം സഹിക്കാതെ ഞായറാഴ്ച രാത്രി 9.30 ഓടെ കുട്ടി വീട്ടിൽ നിന്നും ഓടി അടുത്തുള്ള വീട്ടിൽ കയറുകയായിരുന്നു. തന്നെ പിടിക്കാൻ ആരൊക്കെയോ പിറകെ വരുന്നതായും കുട്ടി വീട്ടുകാരോട് പറഞ്ഞു.
കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ഉടനെ വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെയും തൃക്കാക്കര പോലീസിനെയും അറിയിക്കുകയായിരുന്നു.അവർ സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ച ശേഷം കുട്ടിയെ രാത്രിയിൽ ആ വീട്ടിൽ തന്നെ സംരക്ഷണം നൽകി. ഇന്നലെ രാവിലെ ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയോട് വിശദമായി വിവരങ്ങൾ ചോദിക്കുകയായിരുന്നു. തുടർന്ന് തൃക്കാക്കര പോലീസും എത്തി. കുട്ടിയുടെ അമ്മയും മൂന്നാനച്ഛനെന്ന് കുട്ടി പറഞ്ഞ അമ്മയുടെ സുഹൃത്തായ എറണാകുളത്തെ ആശുപത്രിയിലെ ഡോക്ടറും ചേർന്ന് നിരന്തരം ഉപദ്രവിക്കുകയും മുറിയിൽ പൂട്ടിയിടുന്നതായും കുട്ടി പറഞ്ഞു.
മാസങ്ങളായി അമ്മയും രണ്ടു കുട്ടികളും ഡോക്ടറുടെ വീട്ടിലാണ് താമസിക്കുന്നത്. ആദ്യ ഭർത്താവിന്റെ മകനാണ് ഈ കുട്ടി. ഡോക്ടർക്കൊപ്പം മറ്റാരും ഈ വീട്ടിൽ താമസിക്കുന്നില്ല. വിവരം അറിഞ്ഞ് നാട്ടുകാർ ഇന്നലെ രാവിലെ മുതൽ ഡോക്ടറുടെ വീടിനു മുമ്പിൽ തടിച്ചുകൂടി. തുടർന്ന് പോലീസ് എത്തിയെങ്കിലും ഗെയ്റ്റ് അകത്തുനിന്നും പൂട്ടിയിട്ടിരുന്നതിനാൽ അകത്ത് കയറാൻ കഴിഞ്ഞില്ല. തൃക്കാക്കര പോലീസിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് മേൽനടപടി സ്വീകരിച്ചു. കുട്ടിയുടെ അമ്മക്കും ഡോക്ടർക്കുമെതിരെ ജുവനൈൽ നിയമം, പോക്സോ, ഐപിസി എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പോലീസ് പറഞ്ഞു. കുട്ടിയെ തനിക്ക് വേണ്ടന്ന് അമ്മ പറഞ്ഞതിനെ തുടർന്ന് പോലീസ് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറി.