കിഴക്കന്‍ പ്രവിശ്യയില്‍ ഇടിയോട് കൂടിയ കനത്ത മഴ; പലയിടത്തും ഗതാഗതം സ്തംഭിച്ചു

ദമാം- കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി പെയ്ത  മഴയില്‍  പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഉച്ചയോടെ ആദ്യം പലയിടങ്ങളിലായി പൊടിക്കാറ്റ്  വീശുകയായിരുന്നു. പിന്നാലെ  ഇടിയോട്  കൂടിയുള്ള  ശക്തമായ മഴ. രണ്ട്  മണിക്കൂറുകളോളം  നിറുത്താതെ  മഴ  തിമര്‍ത്തതോടെ  റോഡുകളെല്ലാം വെള്ളത്തനടിയിലായി.   പ്രധാന ഹൈവേകളിലടക്കം മണിക്കൂറുകള്‍  ഗതാഗതം സ്തംഭിച്ചു. ദമാം, അല്‍കോബാര്‍, സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയ തുടങ്ങി മിക്കയിടങ്ങളിലും നല്ല മഴ ലഭിച്ചു. ശൈത്യകാലത്തിന്റെ വരവറിയിച്ചാണ്  മഴ ലഭിച്ചത്. പ്രധാന റോഡുകളിലെ വെളളക്കെട്ടുകള്‍ ആധുനിക സംവിധാനങ്ങളുപയോഗിച്ച് അധികൃതര്‍ നീക്കം ചെയ്തു. ദൂരക്കാഴ്ച കുറവായതിനാല്‍ പലയിടത്തും വാഹനങ്ങള്‍ കൂട്ടിയിടിച്ചും ഡിവൈഡറില്‍ ഇടിച്ചും  നിരവധി അപകടങ്ങളുണ്ടായി. ആളപായമുള്ളതായി വിവരമില്ല. പല മേഖലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗതാഗത വകുപ്പ്, പോലീസ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് തുടങ്ങി വിവിധ വകുപ്പുകള്‍  സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയത്. ഇതു സംബന്ധിച്ച പരാതികള്‍ 940 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വരും  മണിക്കൂറുകളിലും  മഴക്ക് സാധ്യതയുണ്ടെന്നാണ്  കാലാവസ്ഥാ  പ്രവചനം.

 

Latest News