പട്‌ന- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് ബി.ജെ.പിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡും തമ്മില്‍ ധാരണയിലെത്തി. ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനും ശീതസമരത്തിനുമൊടുവില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളില്‍ വലിയൊരു ഭാഗം മത്സരിക്കാന്‍ സ്വന്തമാക്കി.
സംസ്ഥാനത്തെ 40 സീറ്റുകളില്‍ ജെ.ഡി.യു 16 സീറ്റില്‍ മത്സരിക്കും. ബി.ജെ.പിക്ക് 17 സീറ്റുകളാണ് നീക്കിവെച്ചിരിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ, നിതീഷ് കുമാര്‍ എന്നിവര്‍ തമ്മില്‍ ദല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കൂടുതല്‍ സീറ്റുകള്‍ നേടുന്നതിന് നിതീഷ് കുമാര്‍ കടുത്ത സമ്മര്‍ദമാണ് ചെലുത്തിയിരുന്നത്. എന്‍.ഡി.എയിലെ ഘടക കക്ഷിയായ രാം വിലാസ് പാസ്വാന്റെ പാര്‍ട്ടിക്ക് അഞ്ച് സീറ്റും ഉപേന്ദ്ര കുഷ് വാഹയുടെ പാര്‍ട്ടിക്ക് രണ്ട് സീറ്റുമാണ് നീക്കിവെച്ചിരിക്കുന്നത്.
സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം ഈയാഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റു സഖ്യകക്ഷികളുടെ കൂടി അംഗീകാരം ലഭിക്കാനാണ് ബി.ജെ.പി കാത്തുനില്‍ക്കുന്നത്. ഉപേന്ദ്ര കുശ് വാഹ സഖ്യം വിടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ഈ രണ്ട് സീറ്റുകള്‍ ബി.ജെ.പിക്കും ജെ.ഡി.യുവിനും ലഭിക്കും.
നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് സീറ്റ് നല്‍കുന്നതിന് ബിഹാറില്‍ എന്‍.ഡി.എയിലെ എല്ലാ സഖ്യകക്ഷികളും വിട്ടുവീഴ്ച ചെയ്തിരിക്കയാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ മാത്രമാണ് ജെ.ഡി.യു ജയിച്ചിരുന്നത്. നിലവിലെ 22 സീറ്റുള്ള ബി.ജെ.പിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ത്യജിക്കുന്നത്. പാസ്വാനും കുശ് വാഹക്കും ഓരോ സീറ്റാണ് നഷ്ടം.