Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.ബി.ഐക്കുള്ളിലെ തമ്മിലടി: ഡയറക്ടറേയും സ്‌പെഷ്യല്‍ ഡയറക്ടറേയും പ്രധാനമന്ത്രി വിളിപ്പിച്ചു

ന്യുദല്‍ഹി- രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ മേധാവിയും ഉപമേധാവിയും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശ്‌നത്തില്‍ ഇടപെട്ടതായി എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്യുന്നു. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയേയും രണ്ടാമനായ സ്‌പെഷ്യല്‍ ഡയറക്ടറും മോഡിയുടെ കണ്ണിലുണ്ണിയായി അറിയപ്പെടുന്ന ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസറുമായ രാകേഷ് അസ്താനയേയുമാണ് പ്രധാനമന്ത്രി വിളിച്ചുവരുത്തിയത്. സി.ബി.ഐ ഡയറക്ടര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ കാണുകയും ചെയ്തു. തന്റെ മേലുദ്യോഗസ്ഥനായ അലോക് വര്‍മയ്‌ക്കെതിരെ നിരവധി കുറ്റങ്ങള്‍ ആരോപിച്ച് അസ്താന സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ മുഖേന വന്‍തുക കോഴ വാങ്ങിയെന്നാരോപിച്ച് സി.ബി.ഐ ഏതാനും ദിവസം മുമ്പ് അസ്താനകയ്‌ക്കെതിരെ കേസെടുത്തിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം. ഇതിനു പിന്നാലെയാണ് അസ്താന അലോക് വര്‍മയ്‌ക്കെതിരെ കുറ്റാരോപണങ്ങളുമായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയത്.

ഗുജറാത്ത് കലാപക്കേസില്‍ മോഡിയെ കുറ്റവിമുക്തനാക്കുന്നതിലേക്കു നയിച്ച അന്വേഷണ സംഘത്തിലുള്‍പ്പെട്ട അസ്താനയെ സംശയകരമായ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം സി.ബി.ഐ തലപ്പത്ത് സ്‌പെഷ്യല്‍ ഡയറക്ടര്‍ എന്ന പദവി ഉണ്ടാക്കി നിയമിച്ചത്. ഇതിനു പിന്നാലെ വിവാദമായ പല ഹൈ പ്രൊഫൈല്‍ കേസുകളുടെ അന്വേഷണ ചുമതലയും അസ്താനയ്ക്കു നല്‍കപ്പെട്ടതോടെ പല കോണുകളില്‍ നിന്നും സംശയങ്ങളുയര്‍ന്നിരുന്നു. സി.ബി.ഐയിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഒരു രാത്രിയില്‍ ആഭ്യന്തര മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയാണ് അസ്താനയ്ക്കു വേണ്ടി വഴിയൊരുക്കിയത്. ഇതും വിവാദമായിരുന്നു. അസ്താനയ്‌ക്കെതിരെ കേസെടുക്കുന്നതിനു മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അനുമതി തേടിയിരുന്നില്ലെന്നും ഇത്തരം കേസുകളില്‍ ഇത് ആവശ്യമാണെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.   

അതിനിടെ ഈ കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സി.ബി.ഐ ഡി.എസ്.പി ദേവേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രാകേഷ് അസ്താനയ്‌ക്കൊപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനാണ് ദേവേന്ദ്ര കുമാര്‍. അന്വേഷണം പുരോഗമിക്കുന്ന മൊയിന്‍ ഖുറേഷി എന്ന മാംസ കയറ്റുമതി വ്യവസായിക്കെതിരായ കള്ളപ്പണ കേസില്‍ വ്യാജ രേഖകള്‍ കെട്ടിച്ചമച്ചെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഖുറേഷി കേസിലെ സാക്ഷിയായ സതീഷ് സന എന്നയാളുടെ പേരില്‍ പ്രസ്താവന കെട്ടിച്ചമച്ച് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നും സി.ബി.ഐ അറിയിച്ചു. മൊഴി എടുത്തു എന്നു പറയുന്ന ദിവസം സതീഷ് സന എന്നയാള്‍ ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കേസില്‍ നിന്ന് ഊരാന്‍ സഹായിക്കാന്‍ തനിക്ക് അഞ്ചു കോടി രൂപ നല്‍കണമെന്ന് രാകേഷ് അസ്താന തന്നോട്് ആവശ്യപ്പെട്ടിരുന്നതായി ഹൈദരാബാദില്‍ വ്യവസായിയായ സതീഷ് സന ആരോപിച്ചിരുന്നു. ഇതില്‍ രണ്ടു കോടി രൂപ പത്തു മാസത്തിനിടെ അസ്താനയ്ക്കു നല്‍കിയെന്നും സന പറയുന്നു. ദുബായിലെ ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മനോജ് പ്രസാദ് എന്ന ഇടനിലക്കാരന്‍ മുഖേനയാണ് ഈ കോഴപ്പണം കൈമാറിയത്. കോഴയുടെ ഘടു സ്വീകരിക്കാനെത്തിയപ്പോള്‍ ഒക്ടോബര്‍ 16ന് ഇദ്ദേഹം അറസ്റ്റിലായിരുന്നു. മനോജിന്റെ അറസ്റ്റിനു പിന്നാലെ സഹോദരന്‍ സോമേഷിന്റെ ഫോണില്‍ നിന്നും പോയ ഒമ്പതു ഫോണ്‍ കോളുകളില്‍ ഒന്ന് അസ്താനയുമായുള്ള സംഭാഷണമായിരുന്നെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. കേസില്‍ സോമേഷും പ്രതിയാണ്. മനോജും സോമേഷും ഒരു മുന്‍ റോ ഉന്നത ഉദ്യോഗസ്ഥന്റെ മക്കളുമാണ്. കേസില്‍ റോ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് സി.ബി.ഐ അറിയിച്ചു. 

തനിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണം അതേപ്പടി സി.ബി.ഐ ഡയറക്ടറുടെ മേലില്‍ ആരോപിക്കുകയാണ് അസ്താന ചെയ്തിരിക്കുന്നത്. ഡയറക്ടര്‍ രണ്ടു കോടി രൂപ കോഴ വാങ്ങി കുറ്റം തന്റെ മേല്‍ ചുമത്തുകയായിരുന്നെന്നും അസ്താന ആരോപിക്കുന്നു. ഓഗസ്റ്റില്‍ സര്‍ക്കാരിനയച്ച കത്തില്‍ ഇക്കാര്യം അസ്താന പറയുന്നുണ്ട്. 


 

Latest News