മദീന - നഗരത്തിലെ സ്വകാര്യ ആശുപത്രി രണ്ടു മൃതദേഹങ്ങൾ മൂന്നു വർഷത്തിലേറെ ഫ്രീസറിൽ സൂക്ഷിച്ച സംഭവത്തിൽ മദീന ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ആശുപത്രിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഫ്രീസറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അനധികൃത താമസക്കാരുടെ മൃതദേഹങ്ങൾ നിയമം അനുശാസിക്കുന്ന രീതിയിൽ ആശുപത്രിയധികൃതർ കൈകാര്യം ചെയ്യുകയോ ഇതേ കുറിച്ച് സുരക്ഷാ വകുപ്പുകളെയും ആരോഗ്യ മന്ത്രാലയത്തെയും അറിയിക്കുകയോ ചെയ്തിരുന്നില്ല.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നടത്തുന്ന പതിവ് പരിശോധനയുടെ ഭാഗമായി സ്വകാര്യ ആശുപത്രിയിൽ മദീന ആരോഗ്യ വകുപ്പ് സംഘം നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ മുറികളിലൊന്നിൽ വലിയ ഫ്രീസർ ശ്രദ്ധയിൽ പെട്ടത്. ഫ്രീസർ തുറന്നു പരിശോധിച്ച ഉദ്യോഗസ്ഥർ ഇതിനകത്ത് രണ്ടു മൃതദേഹങ്ങൾ കണ്ടു.
മെഡിക്കൽ ആവശ്യങ്ങൾക്കുള്ള പ്ലാസ്റ്റിക് ബാഗുകളിൽ നന്നായി പൊതിഞ്ഞ് മാസ്‌കിംഗ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം നൽകി.
ആശുപത്രി ഡോക്ടർമാരെയും അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരെയും സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റു ജീവനക്കാരെയും അധികൃതർ ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്രയും കാലം ആരെയും അറിയിക്കാതെ മൃതദേഹങ്ങൾ ഫ്രീസറിൽ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള പ്രേരകങ്ങളും മൃതദേഹങ്ങളുടെ ഉടമകളെയും ഇവരുടെ മരണ കാരണങ്ങളും തിരിച്ചറിഞ്ഞ് കുറ്റക്കാർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും.