വിദേശിയെന്ന് മുദ്രകുത്തി; അസമില്‍ മുന്‍ അധ്യാപകന്‍ ജീവനൊടുക്കി

ഗുവാഹത്തി- വിവാദമായ അസം ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തതിനാല്‍ വിദേശിയായി മുദ്രകുത്തപ്പെട്ട റിട്ട. അധ്യാപകന്‍ തൂങ്ങി മരിച്ചു. അസമിലെ മംഗള്‍ദോയി സ്വദേശിയായ നിരോദ് ബരന്‍ ദാസാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ വിദേശിയെന്ന് മുദ്രകുത്തപ്പെട്ടുവെന്നും ഇതിന്റെ പേരില്‍ വരുന്ന അവഹേളനത്തില്‍നിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യ ചെയ്യുന്നതെന്നും നിരോദ് ബരന്‍ ദാസ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയതായി ബന്ധുക്കള്‍ അറിയിച്ചു. ദാസൊഴികെ ഇദ്ദേഹത്തിന്റെ എല്ലാ കുടുംബാംഗങ്ങളും പൗരത്വ രജിസ്റ്ററില്‍ ഇടം പിടിച്ചിട്ടുണ്ട്.
പ്രഭാത നടത്തത്തിന് ശേഷം വീട്ടിലെത്തിയ ദാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസമിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 34 വര്‍ഷം അധ്യാപകനായിരുന്ന ദാസ് വിരമിച്ച ശേഷം നിയമം പഠിക്കുകയും അഭിഭാഷകവൃത്തിയിലേക്ക് തിരിയുകയുമായിരുന്നു.
അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരടില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. സംഭവത്തില്‍ പ്രതിഷേധിച്ച് അസമിലെ ഖരുപേട്യയില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചു. 40 ലക്ഷം പേരാണ് അസമിലെ ദേശീയ രജിസ്റ്ററിനു പുറത്തുള്ളത്.

 

Latest News