രാജ്യത്ത് 1.40 ലക്ഷം കോടീശ്വരന്മാര്‍; മോഡി വന്നശേഷം വര്‍ധന 60 ശതമാനം

ന്യൂദല്‍ഹി- കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് ഒരു കോടിയിലേറെ വരുമാനമുള്ളവരുടെ എണ്ണം 60 ശതമാനം വര്‍ധിച്ചു. പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) പുറത്തു വിട്ട കണക്കാണിത്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ എന്നിവരടക്കമുള്ള മൊത്തം നികുതിദായകരുടെ കണക്കിലാണ് കോടീശ്വരന്മാരുടെ വര്‍ധനയുള്ളത്.
കൂടുതല്‍ പേരെ നികുതി വലയില്‍ കൊണ്ടുവന്നുവെന്ന് സര്‍ക്കാരിനും കൂടുതല്‍ കോടീശ്വരന്മാരെ സൃഷ്ടിച്ചുവെന്ന് പ്രതിപക്ഷത്തിനും വാദം ഉന്നയിക്കാം.
2014 ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ഒരു കോടി രൂപയിലേറെ വാര്‍ഷിക വരുമാനമുള്ളവര്‍ 1.40 ലക്ഷത്തിലേറയായാണ് വര്‍ധിച്ചത്. 2014-15 ല്‍ ഒരു കോടിയിലേറെ വരുമാനം വെളിപ്പെടുത്തിയവരും നികുതി അടച്ചവരും 88,649 ആയിരുന്നു. 2017-18 ല്‍ ഇത് 1,40,139 ആയി വര്‍ധിച്ചു. 60 ശതമാനമാണ് വര്‍ധന. ആദായ നികുതി, പ്രത്യക്ഷ നികുതി വിവരങ്ങള്‍ ഇന്നാണ് സി.ബി.ഡി.ടി വെളിപ്പെടുത്തിയത്.
നികുതി ദായകരില്‍ കോടീശ്വരന്മാരുടെ വര്‍ധന അതിവേഗത്തിലാണ്. ഒരു കോടിയിലേറെ വാര്‍ഷിക വരുമാനമുള്ള വ്യക്തികളുടെ കണക്കെടുത്താല്‍ 68 ശതമാനമാണ് വര്‍ധന. ഒരു കോടിയിലേറെയുള്ള വരുമാനം വെളിപ്പെടുത്തിയ നികുതിദായകര്‍ 48,416 ല്‍നിന്ന് 81,344 ആയാണ് വര്‍ധിച്ചിരിക്കുന്നത്.
കഴിഞ്ഞ നാല് വര്‍ഷമായി നികുതി വിഭാഗവും സര്‍ക്കാരും നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കൂടുതല്‍ നികുതിദായകരെ കണ്ടെത്താനായതെന്ന് സി.ബി.ഡി.ടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. 2013-14നെ അപേക്ഷിച്ച് നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 80 ശതമാനം വര്‍ധിച്ചുവെന്ന് ആദായനികതി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2013-14 ല്‍ 3.79 കോടിയായിരുന്നത് 2017-18 ല്‍ 6.85 കോടി ആയാണ് വര്‍ധിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നികതി-ജി.ഡി.പി അനുപാതവും വര്‍ധിച്ചതായി സുശീല്‍ ചന്ദ്ര പറഞ്ഞു. 2017-18 ല്‍ കാണുന്ന 5.98 ശതമാനം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ മികച്ച അനുപാതമാണ്.

 

Latest News