ന്യൂദല്‍ഹി- ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് മൂന്നാഴ്ചകൊണ്ട് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 32,000 കോടി രൂപ.
അമേരിക്ക-ചൈനാ വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകള്‍, അസംസ്‌കൃത എണ്ണവില വര്‍ധന, യു.എസ് ട്രഷറിയില്‍നിന്നുള്ള ആദായം വര്‍ധിച്ചത് തുടങ്ങിയവയെല്ലാം നിക്ഷേപം പിന്‍വലിക്കാന്‍ കാരണമായതായി വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.
സെപ്റ്റംബര്‍ മാസത്തില്‍മാത്രം 21,000 കോടി രൂപയാണ് പുറത്തേക്ക് തിരിച്ചൊഴുകിയത്.ജൂലൈ- ഓഗസ്റ്റ് മാസത്തില്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 7,400 കോടി രൂപയായിരുന്നു.
ഒക്ടോബര്‍ ഒന്നു മുതല്‍ 19വരെയുള്ള കണക്കുപ്രകാരം വിദേശ നിക്ഷേപകര്‍ 19,810 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. കടപ്പത്ര വിപണിയില്‍നിന്നാകട്ടെ 12,167 കോടി രൂപയുടെ നിക്ഷേപവും പിന്‍വലിച്ചു.