കാബൂൾ- അഫ്ഗാൻ തെരഞ്ഞെടുപ്പിൽ വ്യാപക അക്രമം. 193 അക്രമ സംഭവങ്ങളിലായി 67 പേർ മരിച്ചു. 126 പേർക്ക് പരിക്കേറ്റു. 31 കലാപകാരികളും ഒമ്പത് സുരക്ഷാ ഭടന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഇന്നലെ രാവിലെ ഏഴു മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറു വരെ നീണ്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് താലിബാൻ ഭീഷണി മുഴക്കിയിരുന്നു. കാബൂളിൽ ചാവേർ സ്‌ഫോടനത്തോടെയാണ് അക്രമ സംഭവങ്ങൾക്ക് തുടക്കം. വിവിധ പോളിംഗ് സ്റ്റേഷനുകളിലായി ഒരു ഡസൻ സ്‌ഫോടനങ്ങളാണ് നടന്നത്. താലിബാനും സുരക്ഷാ സൈനികരുമായി സായുധ ഏറ്റുമുട്ടലുകളുമുണ്ടായി. 27 സിവിലിയന്മാരാണ് മരിച്ചത്. അക്രമങ്ങളുണ്ടായെങ്കിലും തെരഞ്ഞെടുപ്പ് വിജയമാണെന്നും ഭീകരരുടെ പരാജയമാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രസിഡന്റിന്റെ വക്താവ് ഹാറൂൺ ഷകൻസോരി പറഞ്ഞു. 70,000 സുരക്ഷാ ഭടന്മാരെയാണ് തെരഞ്ഞെടുപ്പിന് വിന്യസിച്ചിരുന്നത്.
2015 ൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് മൂന്നു വർഷം വൈകിയാണ് നടക്കുന്നത്. സുരക്ഷാ കാരണങ്ങളും രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതയുമാണ് വോട്ടെടുപ്പ് നീളാൻ കാരണമായത്. 2019 ൽ നടക്കേണ്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പരിശീലനം ആയാണ് അന്തർദേശീയ മാധ്യമങ്ങൾ ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. 2014 ൽ നാറ്റോ പോരാട്ടം അവസാനിപ്പിച്ച ശേഷം ആദ്യമായാണ് അഫ്ഗാൻ സുരക്ഷാ സേന ഒരു തെരഞ്ഞെടുപ്പിന് സമ്പൂർണ സുരക്ഷാ മേൽനോട്ടം വഹിക്കുന്നത്.